ഇടുക്കി: മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ. തന്നെ കൊല്ലാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നുവെന്നാണ് മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയുടെ വാദം. പൊലീസ് അന്വേഷണത്തിൽ ഇതുവരെ വീഴ്ചയില്ല. ആക്രമണത്തിന് നേതൃത്വം നൽകിയത് മാത്യൂസ് കൊല്ലപ്പള്ളിയെന്ന സിപിഐഎം പ്രവർത്തകനാണെന്ന് ഷാജൻ പറയുന്നു. പൊലീസ് അന്വേഷണത്തിൽ വീഴ്ചയില്ലെങ്കിലും, പ്രതികൾക്ക് സിപിഐഎം സംരക്ഷണം നൽകുകയാണെന്നും ഷാജൻ സ്കറിയ ആരോപിച്ചു.
ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ചായിരുന്നു മൂന്ന് പേർ ചേർന്ന് ഷാജനെ ആക്രമിച്ചത്. പരിക്കേറ്റ ഷാജൻ സ്‌കറിയ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
കേസിൽ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമം ചുമത്തി കേസെടുത്തിട്ടുണ്ട്. ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.