കോട്ടയം: പുതുപ്പള്ളിയിൽ റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സിൽ വൻ കവർച്ച. 75 പവനോളം സ്വര്‍ണം കവർന്നു. ഇന്നലെ രാത്രിയാണ് മുറികൾ കുത്തി തുറന്ന് മോഷണം നടത്തിയത്. സംഭവത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമെന്ന നിഗമനത്തിലാണ് പൊലീസ്.
നൂറ് ഏക്കറോളം വിസ്തൃതിയുള്ള ക്യാമ്പസിനുള്ളിൽ സുരക്ഷാ ജീവനക്കാരെയും പൊലീസിനെയും ഞെട്ടിച്ചുകൊണ്ടാണ് വൻ കവര്‍ച്ച നടന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റബര്‍ ബോര്‍ഡിന്റെ ജീവനക്കാര്‍ക്കുള്ള താമസസ്ഥലത്തെ ക്വാര്‍ട്ടേഴ്‌സുകളിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്. രണ്ട് ക്വാർട്ടേഴ്സിൽ നിന്നായി 75 പവനോളം സ്വർണമാണ് നഷ്ടമായിരിക്കുന്നത്. 43 പവൻ ആദ്യ ക്വാർട്ടേഴ്സിൽ നിന്നും 32 പവൻ അടുത്തയിടത്തു നിന്നും മോഷ്ടിക്കപ്പെട്ടു. മൂന്ന് ക്വാർട്ടേഴ്സുകൾ കുത്തി തുറക്കാനും ശ്രമം നടന്നിട്ടുണ്ട്.
ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. മോഷണം നടന്ന സമയത്ത് ക്വാർട്ടേഴ്സുകളിൽ ആളുകൾ ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റ് പരിപാടികള്‍ക്കുമായി പോയ സമയത്താണ് മോഷണം നടന്നത്. അതുകൊണ്ടുതന്നെ വീട്ടുകാര്‍ സ്ഥലത്തില്ലെന്ന വിവരം കൃത്യമായി അറിയാവുന്നവര്‍ തന്നെയാണോ മോഷണത്തിന് പിന്നിലെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ സംസ്ഥാനത്ത് നടന്ന മറ്റ് മോഷണക്കേസുകളുമായി ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്. മോഷ്‌ടാക്കൾക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാന മോഷണക്കേസുകളടക്കം അന്വേഷണ പരിധിയിലുണ്ട്.