മാത്യു കുഴൽനാടൻ Source: News Malayalam 24x7
KERALA

കേരളത്തിൻ്റെ കടം 10 വർഷം കൊണ്ട് മൂന്നിരട്ടിയായി, നികുതി പിരിവിൽ സർക്കാർ പരാജയപ്പെട്ടു: മാത്യു കുഴൽനാടൻ

ഏതു ജനങ്ങളുടെ അവസ്ഥയാണ് ഈ സർക്കാരിൻ്റെ ഭരണം കൊണ്ട് മെച്ചപ്പെടുത്താൻ കഴിഞ്ഞതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയാവതരണം നടത്തി മാത്യു കുഴൽനാടൻ എംഎൽഎ. സംസ്ഥാനത്ത് ധൂർത്തും അനാവശ്യ ചെലവുകളും വർധിക്കുന്നുവെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. നികുതി പിരിവിൽ സർക്കാർ പരാജയപ്പെട്ടുവെന്നും എന്ന് പ്രമേയം അവതരിപ്പിച്ച മാത്യു കുഴൽനാടൻ ആരോപിച്ചു.

ട്രഷറി നിയന്ത്രണം 25 ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കി. നികുതി പിരിവിലെ സർക്കാർ വീഴ്ച പലയാവർത്തി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്വർണവില ഇരട്ടിയായിട്ടും നികുതി പിരിവ് പഴയപടി തന്നെ നിൽക്കുന്നു. ബാറുകളുടെ എണ്ണം കൂട്ടിയിട്ടും നികുതി പിരിക്കുന്നത് കാര്യക്ഷമമായില്ല. ജി എസ് ടി വളർച്ചയിൽ 2.58 ശതമാനത്തിൻ്റെ കുറവുണ്ട്. വേദനയും പ്രയാസവും അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരാണ്. ഏതു ജനങ്ങളുടെ അവസ്ഥയാണ് ഈ സർക്കാരിൻ്റെ ഭരണം കൊണ്ട് മെച്ചപ്പെടുത്താൻ കഴിഞ്ഞതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

"ധനമന്ത്രി പറഞ്ഞ സാമ്പത്തിക ടേക്ക് ഓഫ് അഹമ്മദാബാദിലെ എയർ ഇന്ത്യ ടേക്ക് ഓഫ് പോലെ ആയി. ടേക്ക് ഓഫ് ചെയ്ത ഉടനെ കൂപ്പ് കുത്തി. ചരിത്രത്തിൽ ആദ്യമായി എസ്‌സി-എസ്‌ടി ഗ്രാൻഡിൽ കൈവച്ച സർക്കാരാണ് ഇത്. വിഭാഗത്തിലെ പ്രതിഭാശാലികൾക്കുള്ള പതിനായിരം രൂപ 2019 മുതൽ കൊടുക്കുന്നില്ല. എന്നാൽ ധൂർത്തിനും ചെലവിനും എന്നാൽ ഒരു മടിയുമില്ല. കേരളത്തിൻ്റെ കടം 10 വർഷം കൊണ്ട് മൂന്നിരട്ടി വർധിച്ചു. ശമ്പളവും പെൻഷനും കൊടുക്കുക എന്നല്ലാതെ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് കേന്ദ്രം തന്നെ പറഞ്ഞു. തുക വെട്ടി കുറച്ചതോടെ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി നിർവഹണത്തിൽ പരാജയപ്പെടുന്നു. വെള്ളമില്ലാത്തിടത്ത് മുങ്ങിച്ചാവാൻ പറയുന്നത് പോലെയാണ് തദ്ദേശ സ്ഥാപനങ്ങളോട് ചെയ്യുന്നത്. ഉപകരണ, മരുന്ന് വിതരണ കമ്പനികൾ വിതരണം നിർത്തിയിരിക്കുന്നു. ഈ സർക്കാർ ഹൃദയം ഇല്ലാത്ത സർക്കാരെന്ന് ബോധ്യപ്പെടുത്തുന്നു. ഹൃദയമുള്ള ഒരു സർക്കാരായി മാറാൻ നിങ്ങൾക്ക് അറിയണം", മാത്യു കുഴൽനാടൻ.

എല്ലാ അടിയന്തര പ്രമേയ നോട്ടീസുകളിലും ചർച്ച അനുവദിക്കുന്നതിനെ പി.കെ കുഞ്ഞാലിക്കുട്ടിയും പരിഹസിച്ചു. ഒറ്റമന്ത്രിയെ കൊണ്ട് പ്രതിപക്ഷത്തെ നേരിടാൻ കഴിയില്ല എന്നുള്ളതുകൊണ്ട് എല്ലാവരും കൂടി നേരിടുന്നത്. എല്ലാവരും കൂടി നേരിടട്ടെയെന്നും അത് നല്ല കാര്യമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. കേന്ദ്രം തരാത്തതിന് നിങ്ങളുടെ കൂടെ കൂടാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ യാഥാർഥ്യ ബോധത്തോടുകൂടി കാര്യങ്ങൾ കാണണം. താരതമ്യം ചെയ്യുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കാണാതെ യുപിയിലേക്ക് ഒറ്റ ചാട്ടമാണ്. വളർച്ചാ നിരക്ക് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് കുറവാണ്. മേനി കാണിച്ച് മറ്റുള്ളവരുടെ ഇടയിൽ നടക്കുന്നത് പൊളിഞ്ഞ തറവാട്ടുകാരുടെ പണിയാണ്. എന്നാൽ കയ്യിൽ കാശില്ല. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ ഇതാണ് ലോകം എന്ന് ധരിക്കുന്നവർ നമുക്കിടയിലുണ്ടെന്നായിരുന്നു മാത്യു കുഴൽനാടനുള്ള പി. നന്ദകുമാറിൻ്റെ മറുപടി. അവരെ ഉപദേശിക്കാൻ ഞങ്ങൾ ആരും നിൽക്കുന്നില്ലെന്നും പി. നന്ദകുമാർ പറ‍ഞ്ഞു. പരമാവധി സ്വന്തം കാലിൽ നിൽക്കാനാണ് ഈ സംസ്ഥാനം ശ്രമിക്കുന്നത്. നവംബർ ഒന്നാം തീയതി അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. സിഎജി റിപ്പോർട്ട് പ്രകാരം മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 30% കടം ഉള്ള സംസ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും പി. നന്ദകുമാർ എംഎൽഎ പറ‍ഞ്ഞു.

SCROLL FOR NEXT