തിരുവനന്തപുരം: വി.കെ പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആർ.ശ്രീലേഖ ആവശ്യപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ വി.വി.രാജേഷ്. ശ്രീലേഖയും പ്രശാന്തും തമ്മിൽ വർഷങ്ങളായുള്ള ബന്ധമുണ്ട്. സൗഹൃദം വച്ചാണ് ശ്രീലേഖ പറഞ്ഞത്. സംഭവം രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ലെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.
അത് കോർപറേഷൻ ബിൽഡിംഗ് ആണ്. ബിന്ദു കൗൺസിലർ ആണ് എംഎൽഎക്ക് ഓഫീസ് ഒഴിഞ്ഞുകൊടുത്തത്. എൻ്റെ ഓഫീസിൽ സൗകര്യം കുറവാണെന്നാണ് ശ്രീലേഖ പറഞ്ഞത്. ശ്രീലേഖ അതിനു ശേഷം എന്നെ വിളിച്ചു സംസാരിച്ചിരുന്നു. എല്ലാ കാര്യങ്ങളും പാർട്ടി അറിഞ്ഞു ചെയ്യണമെന്നില്ലല്ലോ. മാറാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്നാണ് ചോദിച്ചത്. മേയറായിരുന്നെങ്കിൽ ഓഫീസ് കിട്ടിയേനെ എന്ന് പറഞ്ഞു എന്നതിൽ ഒന്നും വസ്തുതയില്ലെന്നും വി.വി. രാജേഷ് വ്യക്തമാക്കി.
832 രൂപയ്ക്കാണ് നിലവിൽ വാടകയ്ക്ക് കൊടുത്തിട്ടുള്ളത്.ഇതേ റേറ്റിൽ തന്നെയാണോ സ്വകാര്യ വ്യക്തികൾക്കും കൊടുത്തതെന്ന് പരിശോധിക്കണം. വളരെ ചെറിയ തുകയ്ക്കാണ് വാടകയ്ക്ക് നൽകിയിരിക്കുന്നത്. കോർപ്പറേഷൻ വാടകയ്ക്ക് നൽകിയ കെട്ടിടങ്ങളുടെ റേറ്റ് പരിശോധിക്കണം. കിട്ടേണ്ട ന്യായമായുള്ള വാടക കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കണം. കണ്ണായ ഭാഗത്തുള്ള കെട്ടിടങ്ങൾക്ക് മതിയായ വാടക കിട്ടുന്നുണ്ടോ എന്നത് അടിയന്തരമായി അന്വേഷിക്കുമെന്നും മേയർ പറഞ്ഞു.
കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട വിഷയം വിവാദമായതിന് പിന്നാലെ വി.കെ. പ്രശാന്തിനെ എംഎൽഎ ഓഫീസിലെത്തി ആർ. ശ്രീലേഖ നേരിട്ടു കണ്ടിരുന്നു. സൗഹൃദ സംഭാഷണം വിവാദമാക്കി മാറ്റരുതെന്നും ഓഫീസ് മാറി തരാമോ എന്ന് അഭ്യാർഥിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീലേഖ മാധ്യമങ്ങൾക്ക് പിന്നീട് വിശദീകരണം നൽകി. എന്നാൽ അനുനയത്തിന് ഇല്ലെന്നും കരാർ തീരുംവരെ ഓഫീസിൽ തുടരുമെന്നുമാണ് വി.കെ. പ്രശാന്ത് വ്യക്തമാക്കിയത്. വി.കെ. പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട ആർ. ശ്രീലേഖയുടെ നീക്കം പാർട്ടിയും മേയറും അറിയാതെയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.