എം.ബി. രാജേഷ് പങ്കുവെച്ച വീഡിയോ Source: Facebook
KERALA

സേവ് ദി ഡേറ്റിൽ ഹരിത കർമ സേനയും തൊഴിലുറപ്പ് തൊഴിലാളികളും; പ്രതിശ്രുത വധൂവരന്മാരെ അഭിനന്ദിച്ച് മന്ത്രി

ഇടുക്കിയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് വിളയിലിൻ്റെയും വധു ആതിരയുടേയും സേവ് ദി ഡേറ്റ് വീഡിയോ ആണ് മന്ത്രി പങ്കുവെച്ചത്.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ഒരു സേവ് ദി ഡേറ്റ് വീഡിയോയിൽ എന്തിരിക്കുന്നു, എന്ന് ആലോചിക്കുന്നവരുടെ മുന്നിലേക്ക് വെറൈറ്റിയായ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എം.ബി. രാജേഷ്. ഇടുക്കിയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് വിളയിലിൻ്റെയും വധു ആതിരയുടേയും സേവ് ദി ഡേറ്റ് വീഡിയോ ആണ് മന്ത്രി പങ്കുവെച്ചത്.

മറ്റ് വീഡിയോയിൽ നിന്നും വ്യത്യസ്തമായി ഹരിത കർമ സേനയും തൊഴിലുറപ്പ് തൊഴിലാളികളും വീഡിയോയിൽ ഉൾപ്പെടുത്തികൊണ്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

മന്ത്രിയുടെ പോസ്റ്റിൻ്റെ പൂർണരൂപം

ഒരു സേവ് ദി ഡേറ്റ് വീഡിയോയിൽ എന്തിരിക്കുന്നു എന്നോ? ഒരു വലിയ സന്ദേശം ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്നു. നാടിൻ്റെ ശുചിത്വവും പുരോഗതിയുമൊക്കെ വിവരിക്കുന്ന ഈ സേവ് ദി ഡേറ്റ് വീഡിയോ കണ്ടുനോക്കൂ. വീഡിയോയിലെ നായകൻ ആനന്ദ് വിളയിൽ ഇടുക്കിയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാണ്, സിപിഐയുടെ യുവജനനേതാവ്. വധു ആതിര. ഇന്നാണ് ഇരുവരുടെയും വിവാഹം.

മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ. ഹരിതകർമ്മസേനയും തൊഴിലുറപ്പ് തൊഴിലാളികളുമെല്ലാം വീഡിയോയിൽ സജീവ സാന്നിധ്യമാണ്. സേവ് ദി ഡേറ്റ് വീഡിയോ പോലും മഹത്തായ സന്ദേശം പകർന്നുനൽകാനുള്ള മാർഗമായി തെരഞ്ഞെടുത്ത ആനന്ദിനും ആതിരയ്ക്കും അഭിനന്ദനങ്ങൾ, ഇരുവർക്കും വിവാഹ മംഗളാശംസകൾ. മനോഹരമായ ഈ വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഏവരെയും അഭിനന്ദിക്കുന്നു. ഈ സേവ് ദി ഡേറ്റ് വീഡിയോ സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കുവെയ്ക്കട്ടെ.

SCROLL FOR NEXT