തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം താത്കാലികമായി മാറ്റിവച്ചു. അധ്യാപനവും പുനരാരംഭിക്കും. അതേസമയം നിരാഹാരവും നിസഹകരണവും തുടരുമെന്ന് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ അറിയിച്ചു. സർക്കാരുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളെ തുടർന്നാണ് തീരുമാനം.
ഇന്ന് വൈകീട്ടായിരുന്നു ആരോഗ്യവകുപ്പിലെയും ധനവകുപ്പിലെയും ഉദ്യോഗസ്ഥരുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചർച്ച നടത്തിയത്. ശേഷം എൻട്രി കേഡർ തസ്തികയിലുള്ളവരുടെ വെട്ടിക്കുറച്ച തുക പുനഃസ്ഥാപിക്കാമെന്നും അതിൻ്റെ ഉത്തരവ് നാളെ തന്നെ പുറത്തിറക്കുമെന്നും ഉറപ്പ് ലഭിച്ചു. ശമ്പള പരിഷ്കരണ കുടിശികയിലെ അപാകതകളിൽ നിയമോപദേശം തേടിയ ശേഷം ഒരാഴ്ചയ്ക്കകം ണരുപടി നൽകാമെന്നും നിലവിൽ സർക്കാർ മെഡിക്കൽ കോളേജിൽ തസ്തികയിലുള്ള ഷോർട്ടേജ് അടിയന്തിരമായി പരിഹരിക്കാമെന്നും സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചു. ഇതിൻ്റെ ഫലമായാണ് അനിശ്ചിതകാലത്തേക്ക് തുടങ്ങിവച്ച ഒ.പി. ബഹിഷ്കരണ സമരം താത്കാലികമായി മാറ്റിവച്ചത്. ഈ കാര്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക കടക്കാനാണ് കെ.എം.സി.ടി.എയുടെ തീരുമാനം.