ഡോ. മാത്യു ഐപ്പ്, മരിച്ച വേണു Source: News Malayalam 24x7
KERALA

"മെഡിക്കൽ കോളേജിന് തെറ്റ് പറ്റിയിട്ടില്ല, വേണുവിന് പ്രോട്ടോക്കോൾ പ്രകാരം എല്ലാ ചികിത്സയും നൽകി"; കാർഡിയോളജി വിഭാഗം മേധാവി മാത്യു ഐപ്പ്

ബെഡ് പോലും ഇല്ലാതെ കിടന്ന വിഷയത്തിൽ ഒരു രോഗിയെ തറയിൽ കിടത്തി, മറ്റൊരാൾക്ക് ബെഡ് നൽകാൻ സാധിക്കില്ലെന്നായിരുന്നു ഡോ. മാത്യ ഐപ്പ് നൽകിയ വിശദീകരണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതിൽ ആശുപത്രിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി മാത്യു ഐപ്പ്. പ്രോട്ടോക്കോൾ പ്രകാരം എല്ലാ ചികിത്സയും നൽകിയെന്നാണ് കാർഡിയോളജി മേധാവിയുടെ വാദം. ഹൃദയാഘാതം ഉണ്ടായി 24 മണിക്കൂറിന് ശേഷമാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ഡോ.മാത്യു ഐപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

രോഗി മരിച്ചത് ഖേദകരമായ സംഭവമാണെന്ന് ഡോ.മാത്യു ഐപ്പ് പറയുന്നു. നെഞ്ച് വേദന തുടങ്ങി 24 മണിക്കൂറിനു ശേഷമാണ് രോഗി മെഡിക്കൽ കോളജിലെത്തിയത്. അതുകൊണ്ട് സാധാരണയായി നൽകി വരുന്ന ചികിത്സകൾ ഇദ്ദേഹത്തിന് നൽകാൻ പറ്റിയില്ല. ബാക്കി മരുന്നുകൾ കൊടുക്കാൻ തീരുമാനിച്ചു. മരുന്ന് നൽകി അഡ്മിറ്റ് ചെയ്തെന്നും കാർഡിയോളജി മേധാവി വ്യക്തമാക്കി.

"രോഗം മാറി വരുമ്പോഴായിരുന്നു ഇദ്ദേഹത്തിന് ഹേർട്ട് ഫെയിലറുണ്ടായത്. ഹേർട്ട് അറ്റാക്ക് വന്നാൽ എന്ത് ചികിത്സ നൽകിയാലും മരണസാധ്യത കൂടുതലാണ്. ഇവിടെ നൽകാവുന്ന മികച്ച ചികിത്സ ഉറപ്പാക്കി. പ്രോട്ടോക്കോൾ നോക്കി മാത്രമാണ് ചികിത്സിക്കാറ്. പ്രോട്ടോക്കോൾ പ്രകാരം ചികിത്സ നൽകിയെന്നാണ് വിശ്വാസം. അന്വേഷിച്ചപ്പോൾ, വേണ്ട ചികിത്സയെല്ലാം കൊടുത്തിരുന്നെന്നാണ് വിവരം ലഭിച്ചത്," മാത്യു ഐപ്പ് പറഞ്ഞു.

രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചിരുന്നോ എന്നും, കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടോ എന്നുമുള്ള ചോദ്യത്തിന് അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ബെഡ് പോലും ഇല്ലാതെ കിടന്ന വിഷയത്തിൽ ഒരു രോഗിയെ തറയിൽ കിടത്തി, മറ്റൊരാൾക്ക് ബെഡ് നൽകാൻ സാധിക്കില്ലെന്നായിരുന്നു ഡോ. മാത്യ ഐപ്പ് നൽകിയ വിശദീകരണം.

"തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എല്ലാവരും അത്യാസന്ന നിലയിലാണ് എത്തുന്നത്. ഒരു ബെഡ് ഒഴിയുമ്പോൾ തന്നെ മറ്റ് രോഗികൾക്ക് കൊടുക്കാറുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ മാറ്റി കിടത്താൻ സാധിക്കില്ല," ഡോക്ടർ പറയുന്നു.

അതേസമയം ഭർത്താവിന് ആൻജിയോഗ്രാം നിർദേശിച്ചിരുന്നെന്നും എന്നാൽ തിരക്ക് കുറഞ്ഞ ദിവസം മാത്രമേ ചെയ്യാൻ സാധിക്കൂവെന്ന് ഡോക്ടർമാർ പറഞ്ഞതായി വേണുവിന്റെ ഭാര്യ സന്ധ്യ പറഞ്ഞു. പിന്നീട് ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും ഭർത്താവിനെ കൊന്നത് തന്നെയെന്നും സന്ധ്യ ആരോപിച്ചു.

ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. എന്നാൽ ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും ഡോക്ടർമാർ പറഞ്ഞിട്ടില്ല എന്നും ഭാര്യ പറഞ്ഞു. അഡ്മിറ്റായ് കിടന്നപ്പോൾ പല ബുദ്ധിമുട്ടുകളുമുണ്ടായി. എന്നിട്ട് പോലും ഡോക്ടർമാർ തിരിഞ്ഞ് നോക്കാൻ തയ്യാറായില്ല. ആൻജിയോഗ്രാമിൻ്റെ ദിവസത്തിനായ് കാത്തിരുന്നുവെന്നും ഭാര്യ പറഞ്ഞു.

SCROLL FOR NEXT