മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 
KERALA

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 350.50 കോടി കുടിശിക

ഒരു വർഷത്തേക്ക് മരുന്ന് വാങ്ങാൻ 1,000 കോടിക്ക് മുകളിൽ ആവശ്യമുള്ളിടത്ത്, സർക്കാർ ബജറ്റ് വിഹിതമായി നൽകുന്നത് വെറും 356.40 കോടി മാത്രമാണ്...

Author : ന്യൂസ് ഡെസ്ക്

സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. 350.50 കോടി രൂപയാണ് മരുന്ന് വിതരണം ചെയ്ത വകയിൽ കമ്പനികൾക്ക് നൽകാനുള്ളത്. ഒരു വർഷത്തേക്ക് മരുന്ന് വാങ്ങാൻ 1,000 കോടിക്ക് മുകളിൽ ആവശ്യമുള്ളിടത്ത്, സർക്കാർ ബജറ്റ് വിഹിതമായി നൽകുന്നത് വെറും 356.40 കോടി മാത്രമാണ്.

അർബുദ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ, സൂപ്പർ സ്പെഷ്യാലിറ്റി മരുന്നുകൾ അങ്ങനെ 853 ഇനം മരുന്നുകളാണ് സർക്കാർ ആശുപത്രികളിലേക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ വഴി വാങ്ങുന്നത്. ഇത്രയും ഇനം മരുന്നുകൾ വാങ്ങാൻ ചെലവാകുന്ന തുക 1077.187 കോടി രൂപ. എന്നാൽ സർക്കാർ വിഹിതം ആകട്ടെ വെറും 356.4 0 കോടി മാത്രം. ഇതാണ് കുടിശിക പെരുകാൻ കാരണവും.

2023- 24 കാലയളവിൽ വാങ്ങിയ മരുന്നുകൾക്ക് ഇനിയും 31.82 കോടി രൂപ കൊടുത്തു തീർക്കാനുണ്ട്. 2024- 25 കാലയളവിൽ കൊടുക്കാനുള്ളത് 233.05 കോടി രൂപ. 2025 26 കാലയളവിൽ മരുന്നു വാങ്ങിയ ഇനത്തിലെ കുടിശിക 85.63 കോടി രൂപ. ഇങ്ങനെ മുൻകാലങ്ങളിലെ കുടിശിക അടക്കമാണ് 350. 50കോടി രൂപയുടെ കുടിശിക.

ഇക്കൊല്ലത്തെ മരുന്നുകൾ മുഴുവൻ വാങ്ങിയിട്ടില്ല. അതുകൂടി വാങ്ങുമ്പോൾ സാമ്പത്തിക പ്രതിസന്ധി കൂടും. 2026-27 വർഷം ആശുപത്രികൾക്ക് ആവശ്യമായ മരുന്നുകൾ സംഭരിക്കുന്നതിനുള്ള ടെൻഡർ നടപടികൾ തുടങ്ങിക്കഴിഞ്ഞു. നവംബറിൽ ടെൻഡർ വിളിക്കുകയും വേണം. കുടിശിക ഇങ്ങനെ തുടരുകയും പണം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ മരുന്ന് വിതരണത്തിന് കൂടുതൽ കമ്പനികൾ എത്താനും മടിക്കും. അതേസമയം 2025-26 കാലയളവിലെ ബജറ്റ് വിഹിതത്തിൽ നിന്ന് 156.40 കോടി രൂപ അനുവദിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ ആണെന്ന് സർക്കാർ പറയുന്നു. കുടിശികയുണ്ടെങ്കിലും മരുന്നു വിതരണത്തെ അത് ബാധിക്കില്ലെന്നും വിശദീകരണം ഉണ്ട്.

SCROLL FOR NEXT