സർക്കാരിനെ വിമർശിച്ച് എഎഫ്എ Source: Facebook
KERALA

"കരാർ ലംഘിച്ചത് കേരള സർക്കാർ"; വിമർശനവുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ, വിശദീകരണവുമായി കായിക മന്ത്രി

സർക്കാർ കരാർ ഒപ്പിട്ടിട്ടില്ലെന്നാണ് കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വിശദീകരണം

Author : ന്യൂസ് ഡെസ്ക്

ലയണൽ മെസിയുടെ കേരളാ സന്ദർശനം മുടങ്ങിയതിൽ കേരള സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ടീമുമായുള്ള കരാർ ലംഘിച്ചത് സർക്കാരെന്ന് എഎഫ്എ ചീഫ് കൊമേഷ്യല്‍ ആന്‍ഡ് മാർക്കറ്റിങ് ഓഫീസർ ലിയാൻഡ്രോ പീറ്റേഴ്സണ്‍. സർക്കാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ലെന്നാണ് വിമർശനം.

ഒരു സ്പോർട്സ് ലേഖകനുമായി നടന്ന ആശവിനിമയത്തിലാണ് എഎഫ്എ ചീഫ് മാർക്കറ്റിങ് ഓഫീസർ ഇതു സംബന്ധിച്ച വിമർശനങ്ങള്‍ ഉന്നയിച്ചത്. 130 കോടിയോളം രൂപ അടച്ചിട്ടും കേരളത്തില്‍ വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചത് കരാര്‍ ലംഘനമല്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പീറ്റേഴ്‌സണ്‍. അത് സത്യമല്ല, കരാർ ലംഘനം നടത്തിയ് കേരളാ സർക്കാരാണെന്നായിരുന്നു ലിയാൻഡ്രോ പീറ്റേഴ്സണിന്റെ മറുപടി. ഇത് കരാർ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പീറ്റേഴ്സണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. എന്നാല്‍ പുറത്തുവന്ന സന്ദേശങ്ങളില്‍ സംസ്ഥാന സർക്കാർ ഏത് തരത്തിലുള്ള കരാർ ലംഘനമാണ് നടത്തിയതെന്ന് വ്യക്തമല്ല.

അതേസമയം, സർക്കാർ കരാർ ഒപ്പിട്ടിട്ടില്ലെന്നാണ് കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വിശദീകരണം. കരാർ ഒപ്പിട്ടത് സ്പോൺസരാണ്. പണം നൽകി എന്ന് സ്പോൺസർ വ്യക്തമാക്കിയിട്ടുണ്ടെന്നും കായിക മന്ത്രി അറിയിച്ചു.

മെസി ഉള്‍പ്പെടെയുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ 130 കോടി രൂപ നല്‍കിയിരുന്നതായാണ് സ്പോണ്‍സർമാർ അറിയിച്ചിരുന്നത്. എന്നാല്‍ മെസിയും സംഘവും ഈ വർഷം എത്തിയാല്‍ മാത്രമേ മത്സരം സംഘടിപ്പിക്കാൻ താല്‍പ്പര്യമുള്ളൂവെന്നും കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നുമാണ് സ്പോണ്‍സർമാർ പറയുന്നത്.

മെസിയുടെ വരവ് മുടങ്ങിയതില്‍ കായിക വകുപ്പിനും സ്പോണ്‍സർമാർക്കും എതിരെ ട്രോളുകള്‍ നിറയുന്നതിനിടെയാണ് എഎഫ്എയുടെ വിമർശനം. പ്രതിപക്ഷവും ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. "മെസി ഈസ്‌ മിസ്സിങ് " എന്നായിരുന്നു കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫിന്റെ പ്രതികരണം. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

SCROLL FOR NEXT