തൃശൂർ: പാവറട്ടിയിൽ മൈക്രോ ഫിനാൻസ് കമ്പനിയുടെ ഏജന്റുമാർ വീട്ടിൽ കയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. മരുതയൂർ സ്വദേശി മണിയുടെ വീട്ടിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ കളക്ഷൻ ഏജൻ്റ് ഗുരുവായൂർ സ്വദേശി ധീരജിനെ (29) പൊലീസ് പിടികൂടി.
ഇന്നലെ ഉച്ചയോടെയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മണിയുടെ ഭാര്യ സന്ധ്യയും മറ്റ് സ്ത്രീകളും ചേർന്ന് കമ്പനിയിൽ നിന്ന് വായ്‌പ എടുത്തിരുന്നു. തിരിച്ചടവിൽ വീഴ്ച വരുത്തി എന്ന് ആരോപിച്ചാണ് പിരിവിന് എത്തിയ ഏജൻ്റുമാർ മർദനം നടത്തിയത്. പിരിവിന് എത്തിയവരോട് സാവകാശം ചോദിച്ചതോടെ സന്ധ്യയുടെ ഫോൺ തട്ടിയെടുക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്‌തു. ഇത് ചോദ്യം ചെയ്ത അയൽവാസി സുബി ഗിരീഷിനെയും മകളെയും കമ്പനിയുടെ ഏജൻ്റുമാർ ആക്രമിച്ചെന്നും മൂന്ന് വയസുള്ള മകളെ തള്ളിയിടുകയും ചെയ്‌തതായും പരാതിയിൽ പറയുന്നു.