വെള്ളാപ്പള്ളി നടേശൻ, കെ. കൃഷ്ണൻകുട്ടി Source: Facebook
KERALA

വെള്ളാപ്പള്ളി വർഗീയ പരാമർശങ്ങൾ ഒഴിവാക്കണം, അദ്ദേഹത്തെ പുകഴ്ത്തിയുള്ള മുഖ്യമന്ത്രിയുടെ പരാമർശം സാന്ദർഭികം മാത്രം: കെ. കൃഷ്ണൻകുട്ടി

എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കാനാണ് ശ്രീനാരായണഗുരു ശ്രമിച്ചതെന്നും, അത് തുടരനാണ് വെള്ളാപ്പള്ളി ശ്രമിക്കേണ്ടതെന്നുമാണ് കെ. കൃഷ്ണൻകുട്ടിയുടെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മന്ത്രി കെ.കൃഷ്ണൻകുട്ടി. വർഗീയ പരാമർശങ്ങൾ നടത്തുന്നത് വെള്ളാപ്പള്ളി ഒഴിവാക്കണം. സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നത് ശരിയല്ലെന്നും കെ.കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയെ പുകഴ്ത്തിയുള്ള മുഖ്യമന്ത്രിയുടെ പരാമർശം സാന്ദർഭികം മാത്രമെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കാനാണ് ശ്രീനാരായണഗുരു ശ്രമിച്ചതെന്നും, അത് തുടരനാണ് വെള്ളാപ്പള്ളി ശ്രമിക്കേണ്ടതെന്നുമാണ് കെ. കൃഷ്ണൻകുട്ടിയുടെ പ്രസ്താവന. സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നത് ശരിയല്ല. എൽഡിഎഫും മുഖ്യമന്ത്രിയും വർഗീയതക്കെതിരെ നിലപാടുള്ളവരാണ്. മുഖ്യമന്ത്രിയുടെ വെള്ളാപ്പള്ളിയുടെ പുകഴ്ത്തൽ സാന്ദർഭികം മാത്രമാണ്. ചടങ്ങിന് അനുയോജ്യമായായിരിക്കാം അത്തരം പരാമർശം നടത്തിയതെന്നും കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു.

ശ്രീനാരായണ ഗുരു ആലുവയിൽ സർവമത സമ്മേളനം നടത്താൻ കാരണം മാപ്പിള ലഹളയാണെന്നായിരുന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. മാപ്പിളമാർ ഹിന്ദുമതത്തിലുള്ളവരെ കൊന്നൊടുക്കുന്നത് കണ്ടതാണ് ഗുരുവിനെ സർവമത സമ്മേളനത്തിന് പ്രേരിപ്പിച്ചത്. എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാൻ വേണ്ടിയാണ് ഗുരു സർവമത സമ്മേളനം നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈ വേദിയിൽ വെച്ച് വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. എസ്എൻഡിപി യോഗത്തെ ശക്തമായ സാമ്പത്തിക ശക്തിയായി വളർത്തിയെടുക്കാൻ കാണിച്ച ദീർഘവീക്ഷണം അഭിനന്ദനാർഹമാണെന്നും ഗുരുദർശനങ്ങൾ പ്രാവർത്തികമാക്കുന്നതിന് വെള്ളാപ്പള്ളി ശ്രദ്ധവയ്ക്കുന്നു എന്നുമായിരുന്നു പിണറായി വിജയൻ്റെ പ്രസ്താവന.

SCROLL FOR NEXT