KERALA

"വെള്ളാപ്പള്ളിക്ക് പണ്ട് മുതൽക്കേ എന്നോട് പ്രത്യേക സ്നേഹമാണ്"; രാജി പരാമർശത്തിൽ പരിഹാസവുമായി കെ.ബി. ഗണേഷ് കുമാർ

"തന്നോട് സ്നേഹമുള്ളതു കൊണ്ടാണ് എപ്പോഴും തന്നെപ്പറ്റി തന്നെ പറയുന്നത്"

Author : ന്യൂസ് ഡെസ്ക്

എറണാകുളം: വെള്ളാപ്പള്ളി നടേശൻ്റെ രാജി പരാമർശത്തിൽ പരിഹാസവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. വെള്ളാപ്പള്ളിക്ക് പണ്ട് മുതൽക്കേ തന്നോട് പ്രത്യേക സ്നേഹമാണെന്നാണ് മന്ത്രിയുടെ പരിഹാസം. അദ്ദേഹം എന്തെങ്കിലും പറയുന്നതല്ലേ. തന്നോട് സ്നേഹമുള്ളതു കൊണ്ടാണ് എപ്പോഴും തന്നെപ്പറ്റി തന്നെ പറയുന്നത്. നമഃ ശിവായ എന്ന് പറയുന്നത് മോക്ഷം കിട്ടാനാണ്. എന്റെ പേര് ദൈവത്തിൻ്റെ നാമം ആയതിനാൽ അദ്ദേഹത്തിന് മോക്ഷം കിട്ടട്ടേ എന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മന്ത്രി വി.എൻ. വാസവൻ്റെയും രാജി ആവശ്യപ്പെടുന്നവർ എന്തുകൊണ്ട് ഗണേഷ് കുമാർ രാജിവെക്കണമെന്ന് പറയുന്നില്ലെന്നായിരുന്നു വെള്ളാപ്പളളി നടേശൻ പറഞ്ഞത്.

മന്ത്രി വി.എൻ. വാസവൻ എന്തിനാണ് രാജിവയ്ക്കുന്നതെന്നും കെ.ബി. ഗണേഷ് കുമാർ ചോദിച്ചു. വി.എൻ. വാസവനല്ല സ്വർണം പൂശുന്നത്. മന്ത്രിക്ക് ദേവസ്വം ബോർഡിൽ ഒരു കാര്യവുമില്ല. വിവാദത്തിൽ ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടക്കുന്നുണ്ടെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. കോതമംഗലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ടെർമിനൽ ഉദ്ഘാടനത്തിനിടയിരുന്നു കെ.ബി. ഗണേഷ് കുമാറിൻ്റെ പ്രതികരണം.

അതേസമയം, ടെർമിനൽ ഉദ്ഘാടനത്തിനിടെ ഹോൺ മുഴക്കി, അമിത വേഗത്തിൽ ഓടിച്ചെത്തിയ ബസുകളുടെ പെർമിറ്റ് ഗതാഗത മന്ത്രി റദ്ദാക്കി. ആയിഷാസ്, സെന്റ് മേരിസ് ബസുകളുടെ പെർമിറ്റ് ആണ് റദ്ദാക്കിയത്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എംവിഡിയും അറിയിച്ചു.

SCROLL FOR NEXT