കൊച്ചി: സെപ്റ്റംബർ 12,13 തീയതികളിൽ അന്താരാഷ്ട്ര അർബൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കൊച്ചിയിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ജനപ്രതിനിധികൾ പങ്കെടുക്കും. സമഗ്രമായ നഗര നയ രൂപീകരണം ലക്ഷ്യമിട്ടാണ് അർബൻ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അർബൻ കോൺക്ലേവ് സംഘടിപ്പിക്കാൻ വിപുലമായ പഠനം നടത്തി. ഇത്തരം ഒരു ഉദ്യമം സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാകും എന്നും മന്ത്രി പറഞ്ഞു. അടുത്ത 25 വർഷത്തെ നഗരവത്കരണത്തിന്റെ ദിശ നിർണയിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു. രാജ്യത്തിനകത്ത് നിന്നുള്ള ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. കോൺക്ലേവിന് ശേഷം അന്തിമ നഗര നയ രൂപീകരണത്തിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.
അർബൻ പോളിസി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് സർക്കാരിൻ്റെ പരിഗണനയിലാണ്. കൊച്ചി മെട്രോപൊളിറ്റൻ കമ്മിറ്റി രൂപീകരണത്തിന്റെ തുടക്കം തദ്ദേശ തിരഞ്ഞെടുപ്പിനുശേഷമാകും. തിരുവനന്തപുരത്തും മെട്രോപൊളിറ്റൻ കമ്മിറ്റി രൂപീകരിക്കും. മെട്രോപൊളിറ്റൻ കമ്മിറ്റി നിലവിൽ വരുന്നതോടെ ജിസിഡിഎ അടക്കമുള്ള സ്ഥാപനങ്ങളുടെ ആവശ്യമില്ലാതാകുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.