കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. ദേശീയപാത തലപ്പാടി-രാമനാട്ടുകര സ്ട്രെച്ചിൻ്റെ ഉദ്ഘാടനത്തിൽ നിന്നുമാണ് മന്ത്രിയെ ഒഴിവാക്കിയത്. സംസ്ഥാനം സാമ്പത്തിക പങ്കാളിത്തം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിലാണ് ഒഴിവാക്കൽ. ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ സംസ്ഥാന സർക്കാരിന് അതൃപ്തി. ഇന്ന് നടക്കുന്ന പൊതു പരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ദേശീയപാത നിർമാണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം അടക്കം പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിൽക്കും.
മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 2,650 കോടി രൂപ ചെലവിൽ നിർമിച്ച എൻഎച്ച് 66ലെ മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള സെക്ഷൻ ആറുവരിപ്പാത, 2,140 കോടി രൂപ ചെലവിൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും.