തിരുവനന്തപുരം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സമൂഹത്തിൽ വ്യത്യസ്ത തലങ്ങളിൽ തൻ്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് ശ്രീനിവാസൻ. മറ്റാരെക്കാളും മികച്ച നിലയിൽ പ്രവർത്തിച്ച വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ തിരക്കഥകൾ സാധാരണ മനുഷ്യൻ്റെ ഹൃദയവുമായി ചേർന്ന് നിൽക്കുന്നവയാണ്. അതിലെ സംഭാഷണങ്ങൾ വ്യത്യസ്തമാണ്. കാലിക പ്രസക്തിയുള്ള ഒട്ടേറെ വിഷങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കാനും പതിറ്റാണ്ടുകൾക്ക് ശേഷം അത് ചർച്ച ചെയ്യപ്പെടാറുള്ളതുമാണ് ശ്രീനിവാസൻ ചിത്രങ്ങൾ എന്നും മന്ത്രി പറഞ്ഞു.
"സംവിധാന മികവിലും വ്യത്യസ്തനായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിൻ്റെ സിനിമയിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചവരുടെ കോമ്പിനേഷൻ വ്യത്യസ്തമായിരുന്നു. എല്ലാം കൊണ്ട് അദ്ദേഹം ഒരു സകലകലാ വല്ലഭൻ ആയിരുന്നു. 48 വർഷക്കാലം അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ അമൂല്യമായിരുന്നു. ഈ നിമിഷത്തിൽ അദ്ദേഹത്തെ സ്നേഹത്തോടെ ഓർക്കുകയും, നൽകിയ സംഭാവനകൾക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. ശ്രീനിവാസൻ്റെ വിയോഗത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു", മന്ത്രി സജി ചെറിയാൻ.
അഭിനയിച്ച കഥാപാത്രങ്ങളെയെല്ലാം അനശ്വരമാക്കിയ അതുല്യ കലാകാരന് ആദരാഞ്ജലികള്‍ എന്ന് മന്ത്രി വീണാ ജോർജും ഫേസ്ബുക്കിൽ കുറിച്ചു. എന്നും മലയാളത്തിന്റെ അഭിമാനമാണ് പ്രിയപ്പെട്ട ശ്രീനിവാസൻ. നടനും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് വലുതാണ്. കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി വീണാ ജോർജ് കുറിച്ചു.