Image: Facebook  News Malayalam 24x7
KERALA

മിഥുന്റെ മരണം: വീഴ്ച വരുത്തിയത് ആരൊക്കെയെന്ന് വ്യക്തമാക്കണം; കെഎസ്ഇബി റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് മന്ത്രി

ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തണമായിരുന്നുവെന്നും മന്ത്രി

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കൊല്ലം തേവര സ്‌കൂളിലെ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചതില്‍ കെഎസ്ഇബിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബി സേഫ്റ്റി കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമല്ലാത്തതിനാലാണ് അംഗീകരിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

പാലക്കാട് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ വീഴ്ച സമ്മതിച്ചിട്ടും നടപടിക്ക് ശുപാര്‍ശ ചെയ്യാതെയാണ് വൈദ്യുത വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരൊക്കെയാണ് വീഴ്ച വരുത്തിയത് എന്ന വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല.

സ്‌കൂളിലെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച് 10 ദിവസം പിന്നിടുമ്പോഴാണ് വീഴ്ച അംഗീകരിച്ച് കെഎസ്ഇബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലൈനിന് താഴെ ഷെഡ് നിര്‍മിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി. നിര്‍മാണത്തിന് അനുമതി തേടിയിരുന്നില്ലെങ്കിലും വൈദ്യുതി ലൈനിന് തൊട്ടു താഴെ ഷെഡ് ശ്രദ്ധയില്‍പ്പെട്ടിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ല.

കെഎസ്ഇബി ലൈന്‍ സ്‌കൂള്‍ കോമ്പൗണ്ടിലൂടെ വര്‍ഷങ്ങളായി കടന്നുപോയിട്ടും പരിഹാരം കണ്ടില്ല. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് എണ്ണിപ്പറയുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ ആരാണ് കുറ്റക്കാരെന്ന് പറയുന്നില്ല. നടപടിക്കും ശുപാര്‍ശ ചെയ്യുന്നില്ല. ഇന്നലെ വൈദ്യുത വകുപ്പ് വിളിച്ച ഉന്നതത തല യോഗത്തില്‍ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ട് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പൂര്‍ണ്ണമായും തള്ളി.

വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ വേണമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി ചെയര്‍മാന് നിര്‍ദേശവും നല്‍കി.

മിഥുന്റെ മരണത്തില്‍ വീഴ്ച അംഗീകരിച്ച വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെയും പ്രധാന അധ്യാപികക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ചിരുന്നു.ആ സമയത്താണ് വീഴ്ച അംഗീകരിച്ചിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന വൈദ്യുത വകുപ്പിലെ ചില ഉന്നതതല ഇടപെടലുകള്‍.

SCROLL FOR NEXT