മന്ത്രി സണ്ണി ജോസഫ് Source: News Malayalam 24x7
KERALA

"എപ്പോൾ വേണമെങ്കിലും മാറാൻ തയ്യാർ"; കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ മാറുമെന്ന് മന്ത്രി സണ്ണി ജോസഫ്

"രണ്ട് ചുമതലയും വഹിച്ചു പോകാനുള്ള പ്രയാസം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്"

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് എപ്പോൾ വേണമെങ്കിലും മാറാൻ തയ്യാറെന്ന് മന്ത്രി സണ്ണി ജോസഫ്. "Ready to quit at any time" എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് സണ്ണി ജോസഫിന്റെ മറുപടി. രണ്ട് ചുമതലയും വഹിച്ചു പോകാനുള്ള പ്രയാസം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേതൃത്വം സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടാൽ മാറുമെന്നും സണ്ണി ജോസഫ് പറഞ്ഞു. തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് വയ്ക്കുന്നത് ആരെന്ന് അറിയില്ല. പറയാനുള്ളത് പാർട്ടി യോഗങ്ങളിലും നേതൃത്വത്തോടും പറയാം. ഫ്ലെക്സിലെ കാര്യങ്ങളും പരിഗണിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

കോഴിക്കോടും തൃശൂരിലും കോട്ടയത്തും സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ഉയർന്നിരുന്നു. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സിൽ പറയുന്നു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എംപിയും എംഎൽഎമാരും മണ്ഡലം നോക്കട്ടെയെന്നും ഫ്ലക്സിൽ പറയുന്നുണ്ട്.

അതേസമയം, കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തിനായി എംപിമാരും മുതിർന്ന നേതാക്കളും നീക്കം സജീവമാക്കിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്‍നാൻ, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്. രാജ്മോഹൻ ഉണ്ണിത്താനും അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് നൽകി. കെപിസിസി, ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നിരീക്ഷകർ എത്തും.

SCROLL FOR NEXT