മലപ്പുറം: മലപ്പുറത്ത് ജമാ അത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി. അബ്ദുറഹിമാൻ. ജമാ അത്തെ ഇസ്ലാമി-ബന്ധത്തിന്റെ പേരിൽ എൽഡിഎഫ് യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടയിലാണ് ആണ് മന്ത്രി ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായി പങ്കെടുത്തത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതെയും ഒരു പോലെ എതിർക്കണമെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.
സിപിഐഎം നേതാവ് എ.കെ. ബാലന്റെ വിവാദ പരാമര്‍ശമാണ് ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കിയത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്നും ആഭ്യന്തരം ജമാ അത്തെ ഇസ്ലാമി ഭരിച്ചാൽ പല മാറാടുകൾ ഉണ്ടാകുമെന്നായിരുന്നു ബാലന്റെ വാക്കുകൾ തുടർന്ന് യുഡിഎഫ് വിമർശനവുമായി രംഗത്തെത്തി. ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമിയും പ്രതികരിച്ചു.
പിന്നീട് ബാലനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയപ്പോൾ ആദ്യം തള്ളിയും പിന്നെ മയപ്പെടുത്തിയും എം.വി. ഗോവിന്ദനും പ്രതികരിച്ചു. കാന്തപുരം ഉൾപ്പെടെ പലരും ജമാ അത്തെ ഇസ്ലാമിക്കെതിരെ രംഗത്തുവന്നിരുന്നു. ബിജെപിയും ജമാ അത്തെ ഇസ്ലാമി യുഡിഎഫ് കൂട്ടുകെട്ട് ആരോപിച്ച് രംഗത്തെത്തി.
ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ തേടി പോകേണ്ട ഗതികേട് തങ്ങള്‍ക്കുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പറഞ്ഞിരുന്നു. ഭൂരിഭാഗം മുസ്ലിങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായി നാല് വോട്ടിന് വേണ്ടി യുഡിഎഫ് സഖ്യം ഉണ്ടാക്കുന്നു എന്ന വിമര്‍ശനവും എൽഡിഎഫ് ക്യാമ്പ് ഉയർത്തിയിരുന്നു. എന്നാൽ പാർട്ടി സെക്രട്ടറിയായിരിക്കെ 2011ൽ പിണറായിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സിപിഐഎം വോട്ട് ചോദിച്ചെന്നും ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞിരുന്നു.