പത്തനംതിട്ടയിൽ എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളം തടഞ്ഞുവെച്ചതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട നാരായണൻമൂഴി സ്വദേശി ഷിജോ വി.ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നടപടികൾക്ക് കാലതാമസം നേരിട്ടിട്ടുണ്ടെങ്കിൽ ഗുരുതരമായ വീഴ്ചയാണെന്ന് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും, റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മരിച്ചയാളുടെ പിതാവുമായി സംസാരിച്ചെന്നും മന്ത്രി അറിയിച്ചു.
എയ്ഡഡ് സ്കൂള്‍ അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനോന്താണ് മകന്‍ ജീവനൊടുക്കിയതെന്നുമാണ് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറയുന്നത്. ഏറെക്കാലമായി മുടങ്ങിക്കിടന്ന ഷിജോയുടെ ഭാര്യയുടെ ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡിഇഒ ഓഫീസിൽ നിന്നും തുടർനടപടി ഉണ്ടായില്ലെന്നാണ് ഷിജോയുടെ പിതാവ് ത്യാഗരാജൻ ആരോപിക്കുന്നത്.
പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ് യു.പി. സ്കൂളിലെ യു.പി.എസ്.റ്റി. അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. ഈ ദുഃഖത്തിൽ മരിച്ചയാളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു.നേരത്തെ, നിയമനം സംബന്ധിച്ച വിഷയം എന്റെ ശ്രദ്ധയിൽ വന്ന ഉടൻ തന്നെ, കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു.
മരണപ്പെട്ടയാളുടെ പിതാവുമായി സംസാരിച്ചു. നടപടികൾക്ക് കാലതാമസം നേരിട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങിനെയെങ്കിൽ ഇത് ഗുരുതരമായ വീഴ്ചയാണ്. ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ല.ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും. ഇനിയൊരിക്കലും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ ആവശ്യമായ തുടർനടപടികൾ ഉറപ്പാക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)