KERALA

എസ്ഐടി അന്വേഷണം തൃപ്തികരം, ഇഡിയുടെ വരവ് സംശയാസ്പദം: വി.എൻ. വാസവൻ

തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ അന്വേഷണം പോകട്ടെയെന്നും വി.എൻ. വാസവൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ഇഡിയുടെ വരവ് സംശയാസ്പദം എന്ന് മന്ത്രി വി.എൻ. വാസവൻ. ഹൈക്കോടതി നിയന്ത്രണത്തിലുള്ള എസ്ഐടി അന്വേഷണം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഏത് കാലഘട്ടത്തിലേക്കും അന്വേഷണം നീങ്ങട്ടെ എന്നും വി.എൻ വാസവൻ പറഞ്ഞു. സർക്കാരിന് ഒന്നും മറയ്ക്കാൻ ഇല്ല. എക്സ് ഓർ വൈ, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടണം. ആരിലേക്ക് അന്വേഷണം എത്തണം എന്ന് തീരുമാനിക്കുന്നത് എസ്ഐടി ആണ്, സർക്കാർ അല്ലെന്നും വി.എൻ വാസവൻ പറഞ്ഞു.

ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. മുഖ്യമന്ത്രിയ്ക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇഡി അന്വേഷണത്തിൽ പല ഉദ്ദേശ്യങ്ങളും കാണാം. ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെ. തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ അന്വേഷണം പോകട്ടെ. അന്വേഷണത്തിന് വഴി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നും വി.എൻ. വാസവൻ പറഞ്ഞു.

അതേസമയം, കേസിൽ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി. കേസിൽ നിർണായക തെളിവെടുപ്പിനായാണ് അന്വേഷണ സംഘം എത്തിയത്. ശ്രീകോവിലിലെ പഴയ വാതിൽപ്പാളികളിലെ സ്വർണത്തിന്റെ അളവിലും ഗുണനിലവാരത്തിലും വ്യത്യാസമുണ്ടോ എന്നറിയാനാണ് പ്രധാനമായും പരിശോധന. നിലവിൽ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ഈ വാതിൽപ്പാളികൾ പുറത്തെടുത്ത് വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിക്കും. 1998ൽ സ്വർണം പൊതിഞ്ഞ ഈ പാളികളിൽ ക്രമക്കേട് നടന്നോ എന്നാണ് സംഘം അന്വേഷിക്കുന്നത്. വാതിൽപ്പാളികൾക്ക് പുറമെ, കൊടിമരത്തിന്റെ പഞ്ചവർഗത്തറയിൽ സ്ഥാപിച്ചിട്ടുള്ള സ്വർണപ്പാളികളും സംഘം വിശദമായി പരിശോധിക്കും. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് പരിശോധന.

സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. ദ്വാരപാലക കേസിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചത്. ജാമ്യം നൽകുന്നത് കർശന ഉപാധികളോടെ വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഹർജിയിൽ കോടതി പിന്നീട് വിധി പറയും. എന്നാൽ കേസിൽ ജാമ്യം ലഭിച്ചാലും കട്ടിളപ്പാളി കേസിൽ റിമാൻഡിൽ തുടരും. സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. ശ്രീകുമാറിനെ ഒരു ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

SCROLL FOR NEXT