തിരുവനന്തപുരം: പരാജയങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമൊടുവില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിന്ദു കൃഷ്ണയ്ക്ക് മന്ത്രി സ്ഥാനം നല്‍കുന്നത് കൊല്ലത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി മുതല്‍ രാഷ്ട്രീയ കാര്യ സമിതി അംഗം വരേയുള്ള പാര്‍ട്ടി പദവികള്‍ അലങ്കരിച്ച ബിന്ദു കൃഷ്ണയ്ക്ക് മന്ത്രി പദവിയിലൂടെ ലഭിക്കുന്ന ഉത്തരവാദിത്വം പ്രതീക്ഷയോടെയാണ് ഉറ്റ് നോക്കുന്നത്.
16,830 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കൊല്ലം നിയമസഭാ മണ്ഡലം നല്‍കിയ വിജയം ബിന്ദു കൃഷ്ണയെ മന്ത്രി പദവിയിലേക്ക് എത്തിക്കുകയാണ്. കെഎസ്‌യു മുതല്‍ ആരംഭിച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി പദവികള്‍ പലതും ബിന്ദു കൃഷ്ണയെ തേടിയെത്തി. കൊല്ലം ഡിസിസി പ്രസിഡന്റ്, ദേശീയ മഹിളാ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, രാഷ്ട്രീയ കാര്യ സമിതി അംഗം വരെയുള്ള പദവികളിലെത്തിയപ്പോഴും പാര്‍ലമെന്ററി പദവികളിലെത്തിപ്പെടാന്‍ ബിന്ദു കൃഷ്ണക്ക് കഴിഞ്ഞിരുന്നില്ല.
2011 ല്‍ ചാത്തന്നൂരില്‍ നിന്നും നിയസഭയിലേക്കുള്ള കന്നിയങ്കത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014 പാര്‍ട്ടി ആറ്റിങ്ങലില്‍ നിന്നും ലോക്‌സഭയിലേക്ക് മല്‍സരിപ്പിച്ചെങ്കിലും വിജയിക്കാനായില്ല . 2021 ല്‍ കൊല്ലത്ത് എം. മുകേഷിനെതിരെ നിയസഭയിലേക്ക് മത്സരിച്ചെങ്കിലും ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പിന്നിടിങ്ങോട്ട് കൊല്ലം മണ്ഡലത്തില്‍ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചാണ് ബിന്ദു കൃഷ്ണ ഈ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം കരസ്ഥമാക്കിയത്.
ഒരോ പരാജയങ്ങള്‍ കഴിയുമ്പോഴും പരിഹാസങ്ങള്‍ നിരവധി കേട്ട ബിന്ദു കൃഷ്ണ ഒന്നിനും മറുപടി നല്‍കാതെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയായി തുടരുകയായിരുന്നു. വീണ്ടുമൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൊല്ലത്ത് പ്രവര്‍ത്തിച്ച് വിജയിച്ചു. പരാജയപ്പെടുന്ന സീറ്റുകളിലാണ് മുന്‍പ് പാര്‍ട്ടി കൂടുതല്‍ പരിഗണിച്ചതെന്ന പരാതിയുണ്ടെങ്കിലും ലഭിക്കുന്നത് ഏത് വകുപ്പാണെങ്കിലും വി.ഡി.സതീശന്‍ സര്‍ക്കാരില്‍ ജനകീയ മന്ത്രിയായി ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും, ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന ഉറപ്പാണ് ബിന്ദു കൃഷ്ണ ജനങ്ങള്‍ക്ക് നല്‍കുന്നത്.