

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നയതന്ത്രജ്ഞനായ പി.കെ. കുഞ്ഞാലിക്കുട്ടിക്കിത് മന്ത്രിയായി ആറാം ഊഴം. മലപ്പുറത്ത് നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയ കുഞ്ഞാലിക്കുട്ടി ഒന്‍പതാം തവണയാണ് കേരള നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുന്നതില്‍ ഐടി വകുപ്പ് മന്ത്രി എന്ന നിലയില്‍ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.
യുഡിഎഫില്‍ ഒരു പ്രശ്‌നമുണ്ടായാല്‍, ആരെയും വേദനിപ്പിക്കാതെ പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കുന്ന നയതന്ത്രജ്ഞനാണ് പി.കെ. കുഞ്ഞാലിക്കുട്ടി. കെ.കരുണാകരനും, എ.കെ. ആന്റണിയ്ക്കും, ഉമ്മന്‍ചാണ്ടിക്കുമൊപ്പം പ്രവര്‍ത്തിച്ച് കരുത്തുറ്റ അനുഭവ പരിചയമുള്ള കുഞ്ഞാലിക്കുട്ടി, ആറാം തവണയും മന്ത്രിയാകുമ്പോള്‍ വി.ഡി. സതീശന്‍ മന്ത്രിസഭയിലെ സീനിയറായി തിളങ്ങും.
1951 ജൂണ്‍ 1-നാണ് മലപ്പുറം ഊരകം സ്വദേശിയായ മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത്തിമക്കുട്ടിയുടെയും മകനായി പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയുടെ ജനനം. 1980-ല്‍ മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി അക്കാലത്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. ഇത്തവണ മലപ്പുറം നിയോജക മണ്ഡലത്തില്‍ നിന്നും ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ചതുള്‍പ്പെടെ 9 തവണയാണ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1982-ല്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ കുഞ്ഞാലിക്കുട്ടി മലപ്പുറം, കുറ്റിപ്പുറം, വേങ്ങര മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്.
1991 ലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ആദ്യമായി വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായ കുഞ്ഞാലിക്കുട്ടി, 1995 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വ്യവസായം, നഗരകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വ്യവസായ, ഐ.ടി, സാമൂഹ്യക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്ത കുഞ്ഞാലിക്കുട്ടി 2004ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായി സേവനം അനുഷ്ഠിച്ചങ്കിലും 2005 ല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസിനെ തുടര്‍ന്ന് രാജിവെച്ചു. 2006ല്‍ കുറ്റിപ്പുറത്തെ തോല്‍വിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ തിരിച്ചടി.
2011 ല്‍ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവായിരുന്നു.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ, ഐ.ടി വകുപ്പ് മന്ത്രിയായി. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുന്നതില്‍ വിവര സാങ്കേതികവിദ്യ മന്ത്രി എന്ന നിലയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായി. അക്ഷയ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഈ നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
2017 മുതല്‍ 2021 വരെ മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ടിച്ച കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിന്റെ റയില്‍വേ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായും സിവില്‍ എവിയേഷന്‍, വിദേശകാര്യ മന്ത്രാലയങ്ങളുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റികളിലെ അംഗമായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള പി.കെ. കുഞ്ഞാലിക്കുട്ടി നിലവില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്.