കോഴിക്കോട്: വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമ്പത്തിക തട്ടിപ്പിൽ പരാതിയുമായി നടക്കാവ് സ്വദേശിനി. കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബന്ധു മുഖാന്തിരം ഏജൻ്റുമാർ പണം വാങ്ങിയതെന്ന് തട്ടിപ്പിന് ഇരയായ സ്ത്രീ ന്യൂസ് മലയാളത്തോട് പറഞ്ഞു. പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥർ വലിയ തുകകൾ സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും, പൊലീസിൻ്റെ നടപടികൾ വൈകിയാൽ പ്രതികൾ രക്ഷപ്പെടുമെന്നും പരാതിക്കാരി പറഞ്ഞു.
വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് ബ്രാഞ്ചിൽ നാലുവർഷം യുവതി മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചത്. തുടക്കത്തിൽ കൃത്യമായി പലിശ ലഭിച്ചിരുന്നെങ്കിലും പിന്നീട് അതു മുടങ്ങുകയും ചെയ്തു. കാലാവധി കഴിഞ്ഞ നിക്ഷേപത്തുക തിരിച്ചു വാങ്ങുന്നതിനായി സ്ഥാപനത്തെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. മകളുടെ പഠനത്തിനായി കരുതിവെച്ചിരുന്ന പണമാണ് സ്ഥാപനത്തിൽ നിക്ഷേപിച്ചതെന്ന് നടക്കാവ് സ്വദേശിനി വ്യക്തമാക്കി.
2016 മുതലാണ് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകരിൽ നിന്നും ഡെപ്പോസിറ്റ് തുകകൾ സ്വീകരിച്ചു തുടങ്ങുന്നത്. ജില്ലയില്‍ പല സ്ഥലങ്ങളിലും ഫാമുകള്‍ ലീസിന് എടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കി നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൊടുക്കും എന്നായിരുന്നു കമ്പനി വാഗ്ദാനം ചെയ്തത്. തട്ടിപ്പ് നടന്നതിന് പിന്നാലെ വീണ്ടും പണം നിക്ഷേപിക്കാനും നിക്ഷേപിച്ച തുക സുരക്ഷിതമാണെന്നും സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥർ പോലും തട്ടിപ്പിനിരയായിട്ടുണ്ടെന്നും അവർ പറഞ്ഞു.
പരാതി നൽകാൻ എത്തിയപ്പോൾ പൊലീസിൻ്റെ ഭാഗത്തുനിന്നും ഒരുതരത്തിലുള്ള സഹകരണവും ഉണ്ടായില്ലെന്നും, പരാതി കേൾക്കാൻ പോലും തയ്യാറായില്ലെന്നും യുവതി വെളിപ്പെടുത്തി. തട്ടിപ്പ് സംഘത്തിനെതിരെ ഉടനടി നടപടി ഉണ്ടായില്ലെങ്കിൽ ഇവർ രക്ഷപ്പെടുമെന്നും പണം നിക്ഷേപിച്ചവർക്ക് നീതി ലഭിക്കില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.