തിരുവനന്തപുരം: ശബരിമലയിൽ കാണാതായ ദ്വാരപാലക പീഠം പരാതിക്കാരൻ്റെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി. പരാതിക്കാരനും സ്പോൺസറുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയത്. പീഠം ഒളിപ്പിച്ച ഉണ്ണികൃഷ്ണൻ തന്നെ പരാതി നൽകിയതിലെ ദുരൂഹത അന്വേഷിക്കുകയാണ് വിജിലൻസ് സംഘം.
2019 ൽ ദേവസ്വം ബോർഡ് ആവശ്യപ്പെട്ട പ്രകാരങ്ങൾ ദ്വാരപാലക പീഠം നിർമിച്ച് നൽകിയെന്നും പിന്നീട് അത് കാണാതായെന്നുമായിരുന്നു സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പരാതി. എന്നാൽ പരാതിക്കാരനിൽ നിന്നു തന്നെ ദ്വാരപാലക പീഠം ദേവസ്വം വിജിലൻസ് കണ്ടെത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമ്മൂടുള്ള സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠങ്ങൾ കണ്ടെത്തിയത്.
2021 മുതൽ പീഠം ജീവനക്കാരൻ്റെ വീട്ടിലായിരുന്നു. വിവാദമായതോടെയാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. എന്നാൽ അപ്പോഴും പീഠം ദേവസ്വം ബോർഡിനെ തിരികെ ഏൽപ്പിച്ചുവെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദം. ആറന്മുളയിലെ സ്ട്രോങ് റൂമിൽ പീഠം ഉണ്ടോ എന്നറിയാൻ വിജിലൻസ് നേരത്തെ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജോലിക്കാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് പീഠം എവിടെയുണ്ടെന്ന വിവരം ലഭിച്ചത്.
ശബരിമലയിൽ നൽകിയ പീഠം ദേവസ്വം ബോർഡ് രേഖകളിൽ രേഖപ്പെടുത്താതെ സ്ട്രോങ് റൂമിൽ എത്താതെ എങ്ങനെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം തിരികെ എത്തിയെന്നതിലാണ് ദൂരൂഹത. കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും വിശദമായ മൊഴിയെടുക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. നാളെ വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് ദേവസ്വം വിജിലൻസ് വ്യക്തമാക്കി.