കോഴിക്കോട്: താമരശേരിയിൽ സ്വത്തിനു വേണ്ടി മാതാവിനെ മർദിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. സ്വത്ത് എഴുതിതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനവും കൊലപാതകശ്രമവും. സംഭവത്തിൽ പുതുപ്പാടി കുപ്പായക്കോട് ബിനീഷിനെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു സംഭവം. അറസ്റ്റിലായ ബിനീഷ് പതിവായി മദ്യപിച്ച് ബഹളം വെക്കാറുണ്ട്. സ്വത്ത് പേരിൽ എഴുതി തരണമെന്നും, സ്വർണം നൽകണമെന്നും ആവശ്യപ്പെട്ടാണ് 75 കാരിയായ മാതാവിനെ ഇയാൾ മർദിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ ബിനീഷ് മാതാവിനെ തല്ലുകയും രണ്ടു കൈകൊണ്ട് കഴുത്തിൽ ശക്തിയായി ചുറ്റിപിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്നാണ് പരാതി.
മർദനത്തിന് പിന്നാലെ 75 കാരിയായ മേരി താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ശേഷം താമരശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. മേരിയും ബിനീഷും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ബിനീഷിൻ്റെ മദ്യപാനം കാരണം ഭാര്യയും മക്കളും നേരത്തെ തന്നെ ഉപേക്ഷിച്ചു പോയിരുന്നു. നേരത്തെ പല പ്രാവശ്യം ഇയാളെ ഡിഅഡിക്ഷൻസെൻററുകളിൽ ചികിത്സയും ചെയ്തിരുന്നു. കോടതിൽ ഹാജരാക്കിയ ബിനീഷിനെ താമരശേരി കോടതിയിൽ റിമാൻ്റ് ചെയ്തു.