പത്തനംതിട്ട: പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നും കാണാതായ കാണിപ്പൊന്ന് കണ്ടെത്തി. പന്തളം സ്വദേശിയാണ് അബദ്ധത്തിൽ കാണിപ്പൊന്ന് പോക്കറ്റിലിട്ടു കൊണ്ടുപോയത്. വിഷുക്കൈ നീട്ടമെന്ന് തെറ്റിദ്ധരിച്ചാണ് രാവിലെ തൊഴാൻ എത്തിയപ്പോഴാണ് കൊണ്ടു പോയത്. വിഷുദിനത്തിൽ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെ കണികാണാൻ വച്ചതായിരുന്നു കാണിപ്പൊന്ന്.
ബുധനാഴ്ച രാവിലെയാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. പുലർച്ചെ നാലര മുതൽ ദർശനസൗകര്യം ഉണ്ടായിരുന്നു. ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാളാണ് കാണിപ്പൊന്നുമായി പോയത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം ആരംഭിച്ച് വരുന്നതിനിടെയാണ് കാണിപ്പൊന്നുമായി ഭക്തൻ എത്തുന്നത്.
ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽ വച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്.