എം.എം. ഹസൻ Source: Facebook
KERALA

"വിവാഹ പ്രായമെത്തി നിൽക്കുന്ന പെൺകുട്ടിയോട് വിവാഹം കഴിക്കുമോ എന്ന് ചോദിക്കുന്നതുപോലെയാണ്, മത്സരിക്കുമോ എന്ന് ചോദിക്കുന്നത്"

തെരഞ്ഞെടുപ്പിൽ മുതിർന്നവർക്കും മത്സരിക്കാം.യാതൊരു അയോഗ്യതയും ഇല്ലെന്നും ഹസൻ പറഞ്ഞു.

Author : പ്രിയ പ്രകാശന്‍

വയനാട്: നിയസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം തള്ളാതെ മുൻ യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ഇത്തവണ മത്സരിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, വിവാഹപ്രായമെത്തി നിൽക്കുന്ന പെൺകുട്ടിയോട് വിവാഹം കഴിക്കുമോ എന്ന് ചോദിക്കുന്നതുപോലെയാണ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ചോദിക്കുന്നത് എന്നായിരുന്നു ഹസൻ്റെ മറുപടി.

തെരഞ്ഞെടുപ്പിൽ മുതിർന്നവർക്കും മത്സരിക്കാം. യാതൊരു അയോഗ്യതയും ഇല്ല. എന്നാലും യുവാക്കൾക്കാണ് മുൻഗണന നൽകുന്നതെന്നും ഹസൻ പറഞ്ഞു. എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ നയപരമായ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും, യാഥാർഥ്യ ബോധമുള്ള ലീഗിന് കൂടുതൽ സീറ്റ് ആവശ്യപെടാവുന്നതാണ് എന്നും ഹസൻ കൂട്ടിച്ചേർത്തു.

അതേസമയം, നിരവധി നേതാക്കളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കുണ്ടറയിൽ നിന്നും ജനവിധി തേടാൻ ആഗ്രഹിക്കുന്നുവെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞിരുന്നു. മത്സരിക്കുന്നുണ്ടെങ്കിൽ കുണ്ടറയിൽ നിന്ന് മാത്രമായിരിക്കുമെന്നും ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വിഷ്ണുനാഥ് വ്യക്തമാക്കിയിരുന്നു.

ബേപ്പൂരിൽ പി.വി. അൻവറിനെ മത്സരിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. വിജയസാധ്യത മുൻനിർത്തിയാണ് തീരുമാനമെന്നാണ് നേതാക്കൾ അറിയിക്കുന്നത്. ഭരണവിരുദ്ധ വികാരത്തിന് പുറമെ മന്ത്രി മുഹമ്മദ് റിയാസിനോടുള്ള അതൃപ്തിയും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. തീരുമാനത്തെ മുസ്ലീം ലീഗും പിന്തുണച്ചു. അൻവറിനെ ബേപ്പൂരിൽ മത്സരിപ്പിക്കുന്നതിൽ ലീഗിനും താൽപര്യമുണ്ട്. അൻവർ മത്സരിച്ചാൽ സിപിഐഎമ്മിൽ അടിയൊഴുക്കുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം ഒരു കൂട്ടം നേതാക്കൾ പങ്കുവയ്ക്കുമ്പോൾ, മത്സരിക്കാനില്ലെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു നേതൃത്വത്തെ അറിയിച്ചു. തീരുമാനം അറിയിച്ചതോടെ രാജു പി. നായർ, സൗമിനി ജെയിൻ, രമേശ് പിഷാരടി, ആൻ്റണി ആശാൻ പറമ്പിൽ, തമ്പി സുബ്രമണ്യം എന്നിവരെയാണ് സ്ഥാനാർഥികളായി യുഡിഎഫ് പരിഗണിക്കുന്നത്.

SCROLL FOR NEXT