തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'കതിര്‍' കാര്‍ഷിക പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മോഹന്‍ലാല്‍. വിദ്യാര്‍ഥികളെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ 'കതിര്‍' കാര്‍ഷിക പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
'കതിര്‍' പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളില്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കും. കൃഷി കേവലം ഒരു തൊഴില്‍ മാത്രമല്ലെന്നും അതൊരു സംസ്‌കാരവും ജീവിതശൈലിയും അതിജീവനത്തിന്റെ അടിത്തറയുമാണെന്നും മന്ത്രി കുറിപ്പില്‍ ഓര്‍മിപ്പിച്ചു. കൃഷി അതിജീവനത്തിന്റെ അടിത്തറയാണെന്ന തിരിച്ചറിവ് പുതുതലമുറയിലേക്ക് പകരാനാണ് ആദ്യഘട്ടത്തില്‍ കാര്‍ഷിക ക്ലബ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരുന്നവര്‍ഷം മുതല്‍ കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും കതിര്‍ പദ്ധതി നടപ്പിലാക്കും. ഒപ്പം തന്നെ കൃഷി ചെയ്യുന്ന കുട്ടികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കും. കതിര്‍ എന്നത് കേവലം ഒരു പദ്ധതിയായിട്ടല്ല സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. നാളെത്തെ കേരളീയ കാര്‍ഷിക മേഖലയുടെ അടയാളപ്പെടുത്തല്‍ എന്ന നിലയ്ക്ക് കൂടിയാണ്. അതിനുള്ള വിത്ത് നമുക്ക് ഒരുമിച്ച് പാകാം നല്ല നാളേക്കായെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.