Source: News Malayalam 24x7
KERALA

വീണ്ടും ട്വിസ്റ്റ്! "പെൻഷൻ പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരം"; പാർട്ടി പറഞ്ഞിട്ടെന്ന വിശദീകരണം തിരുത്തി മൊയ്തീൻ

പാർട്ടിയോട് ഉള്ള കൂറ് കൊണ്ടാണ് വേദിയിൽ വച്ച് പണം കൈമാറിയതെന്നും മൊയ്തീൻ...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: എൽഡിഎഫ് ജാഥയിൽ പെൻഷൻ പണം നൽകിയത് പാർട്ടി പറഞ്ഞിട്ടെന്ന വിശദീകരണം തിരുത്തി ബാലുശേരി സ്വദേശി മൊയ്തീൻ. സ്വന്തം ഇഷ്ടപ്രകാരമാണ് പെൻഷൻ പണം നൽകിയതെന്ന് മൊയ്തീൻ പറയുന്ന വീഡിയോ പുറത്ത്. പാർട്ടിയോട് ഉള്ള കൂറ് കൊണ്ടാണ് വേദിയിൽ വച്ച് പണം കൈമാറിയതെന്നും മനസറിഞ്ഞ് നൽകിയ പണമാണെന്നും മൊയ്തീൻ പറയുന്നു.

പാർട്ടിക്കാർ പറഞ്ഞിട്ടാണ് എൽഡിഎഫ് മേഖലാ ജാഥയുടെ വേദിയിൽ വച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സ്റ്റേജിൽ വെച്ച് പണം കൈമാറിയതെന്നായിരുന്നു മെയ്തീൻ ആദ്യം പുറത്തുവന്ന വീഡിയോയിൽ പറഞ്ഞത്. സ്റ്റേജിൽ വച്ച് എം.വി. ഗോവിന്ദന് പണം നൽകാൻ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. പണം പിന്നീട് തിരിച്ചുനൽകുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞ പോലെ പണം തിരിച്ചു കിട്ടിയെന്നും മൊയ്തീൻ പറഞ്ഞു. താൻ മനസറിഞ്ഞ് നൽകിയതല്ല പണമെന്നും, സ്റ്റേജിൽ കയറാനായി ചെയ്തതാണെന്നും മൊയ്തീൻ പറഞ്ഞു. മൊയ്തീൻ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയം പ്രദേശവാസിയായ ഒരാളായിരുന്നു ആ വീഡിയോ പകർത്തിയത്.

എം.വി. ഗോവിന്ദൻ്റെ എൽഡിഎഫ് മേഖലാ ജാഥ ബാലുശേരിയിൽ എത്തിയപ്പോഴുണ്ടായ സംഭവത്തിൻ്റെ വീഡിയോ വൈറലായിരുന്നു. എം.വി. ഗോവിന്ദന് പെൻഷൻ പണം നൽകുന്ന മൊയ്തീൻ്റെ വീഡിയോ ഇടത് സോഷ്യൽ മീഡിയ ഹാൻഡിലുകൾ വ്യാപകമായി ഏറ്റെടുത്തു. പെൻഷൻ കിട്ടിയ പണമാണ്, അടുത്ത തവണ യുഡിഎഫ് വന്നാൽ ഇത് കിട്ടില്ല, എൽഡിഎഫ് തന്നെ വീണ്ടും വരണമെന്ന് പറഞ്ഞുകൊണ്ടാണ് പെൻഷൻ പണം മൊയ്തീൻ എം.വി. ഗോവിന്ദന് നൽകിയത്. എന്നാൽ, പണം വാങ്ങിയതായി കൂട്ടിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് എം.വി. ഗോവിന്ദൻ നൽകിയ പണം തിരികെ മൊയ്തീൻ്റെ പോക്കറ്റിൽ തന്നെ ഇടുന്നതും വീഡിയോയിൽ കാണാം.

SCROLL FOR NEXT