മലപ്പുറം: നിലമ്പൂർ വനം കൊള്ളയുടെ കൂടുതൽ തെളിവുകളുമായി കോട്ടക്കൽ കിഴക്കെ കോവിലകം പ്രതിനിധി രംഗത്ത്. സർക്കാർ ഭൂമി തട്ടിയെടുക്കാൻ വേണ്ടി അനുജത്തി തമ്പുരാട്ടിയുടെ പേരിൽ നിർമ്മിച്ച പട്ടയം വ്യാജമാണെന്ന് ബന്ധു കോട്ടക്കൽ കോവിലകത്തെ ദിലീപ് രാജ ന്യൂസ് മലയാളത്തോട് പറഞ്ഞു. അനുജത്തി തമ്പുരാട്ടിക്ക് നിലമ്പൂർ താലൂക്കിൽ ഭൂമി ഇല്ല. ഇവരുടെ പേരിലുള്ള പട്ടയം എല്ലാം വ്യാജമാണെന്ന് ദിലീപ് രാജ വ്യക്തമാക്കി.
തൃശൂർ ചേർപ്പിലെ പഴയടത്തു മനയിലേക്ക് ആണ് കോട്ടക്കൽ കിഴക്കേ കോവിലംഗം ആയ അനുജത്തി തമ്പുരാട്ടിയെ വിവാഹം കഴിച്ചത്. 1982 ൽ അവർ മരിച്ചു. മക്കളില്ല എന്നും ദിലീപ് രാജ പറഞ്ഞു. ഭൂമി കൊള്ള നടത്താൻ തങ്ങളുടെ കുടുംബാഗത്തിൻ്റെ പേരിൽ വ്യാജ പട്ടയം നിർമ്മിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും ദിലീപ് രാജ പറഞ്ഞു.
നിലമ്പൂരിൽ നടക്കുന്ന ഒരു വമ്പൻ വനഭൂമി കൊള്ളയുടെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. വ്യാജരേഖകൾ ചമച്ച് നിലമ്പൂർ വനമേഖലയിലെ നൂറുകണക്കിന് ഏക്കർ വനഭൂമി കൊള്ളയടിച്ച് വിൽപ്പന നടത്തിയതിൻ്റെ മുഴുവൻ വിശദാംശങ്ങളും രേഖകളും പുറത്തുവന്നു. നിലമ്പൂരിൽ ഭൂമിയില്ലാത്ത ഒരു ബ്രാഹ്മണ കുടുംബാംഗത്തെ ജന്മി എന്ന മട്ടിൽ കാണിച്ച് പട്ടയം നേടിയെടുത്താണ് എല്ലാ തട്ടിപ്പുകളും നടന്നത്. ഉദ്യോഗസ്ഥരും വനംവകുപ്പും ഉൾപ്പെടെ ഈ കൊള്ളയ്ക്ക് കൂട്ടു നിന്നതായാണ് കണ്ടെത്തൽ.