ഇന്ന് രാവിലെയാണ് വീട്ടുവളപ്പിൽ നിന്നും കുഞ്ഞിൻ്റെ മൃതദേഹം ലഭിച്ചത് Source: News Malayalam 24X7
KERALA

പത്തനംതിട്ടയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകം; "കുഞ്ഞിന്റെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ വായ പൊത്തിപ്പിടിച്ചു"; പൊലീസിൽ മൊഴി നൽകി യുവതി

അവിവാഹിതയായ യുവതി കാമുകനിൽ നിന്നാണ് ഗർഭിണിയായത്. വിവരം വീട്ടുകാരിൽ നിന്ന് മറച്ചുവെച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകം. കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചു എന്ന് യുവതി പൊലീസിൽ മൊഴി നൽകി. അവിവാഹിതയായ യുവതി കാമുകനിൽ നിന്നാണ് ഗർഭിണിയായത്. കുഞ്ഞിന്റെ മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് വെച്ചെന്നും യുവതി പൊലീസിൽ മൊഴി നൽകി.

ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് യുവതി പെൺകുഞ്ഞിനെ പ്രസവിച്ചത്. ഗർഭിണിയാണെന്ന കാര്യം യുവതി കുടുംബാംഗങ്ങളോട് മറച്ചുവെച്ചിരുന്നു. പൊക്കിൾകൊടി സ്വയം മുറിച്ചുനീക്കിയ ശേഷം കുഞ്ഞിനെ ശുചിമുറിയിൽ വെച്ചു. കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വായ പൊത്തി പിടിച്ചതോടെയാണ് മരണം സംഭവിച്ചത്. പിന്നാലെ മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് വെക്കുകയായിരുന്നെന്നും യുവതി പൊലീസിന് മൊഴി നൽകി.

ചൊവ്വാഴ്ച രാവിലെയാണ് വീട്ടുവളപ്പിൽ നിന്നും കുഞ്ഞിൻ്റെ മൃതദേഹം ലഭിച്ചത്. അവിവാഹിതയായ 20കാരിയെ രക്തസ്രാവം മൂലം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നാളെ നടക്കും.

SCROLL FOR NEXT