KERALA

ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകം; അമ്മ ശ്രീതു അറസ്റ്റിൽ

കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിൽ കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയായി ചേർത്തു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കൊല്ലപ്പെട്ട ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നുമാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിൽ കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയായി ചേർത്തു. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

കുഞ്ഞിൻ്റെ ജന്മശേഷമാണ് കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് വന്നത് എന്ന് ജോത്സ്യൻ പറഞ്ഞതായി ശ്രീതു മൊഴി നൽകിയിരുന്നു. പ്രതിക്രിയക്ക് വേണ്ടി പലതവണയായി ജ്യോത്സ്യൻ്റെ നിർദേശപ്രകാരം കുട്ടിയുടെ തല മൊട്ടയടിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു. രണ്ടര വയസുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ അമ്മാവൻ ഹരികുമാർ കുറ്റസമ്മതം നടത്തിയിരുന്നു. സഹോദരിയോടുള്ള കടുത്ത വിരോധം മൂലമാണ് ഹരികുമാർ കുഞ്ഞിനെ കൊന്നതെന്നും സഹോദരൻ പറഞ്ഞു.

ജനുവരി 30നാണ് ദേവേന്ദുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലർച്ചെയോടെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ആദ്യം ഹരികുമാർ കുറ്റംസമ്മതിച്ചിരുന്നെങ്കിലും, പിന്നീട് കുഞ്ഞിനെ കൊന്നത് സഹോദരി ശ്രീതുവാണ് എന്ന മൊഴിയും ഇയാൾ നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കേസിൽ കുഞ്ഞിൻ്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT