ആലപ്പുഴ: നിക്കറിൽ മലവിസർജനം നടത്തിയ കുഞ്ഞിനെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. പൊള്ളലേറ്റ കുട്ടിയെ മാതാവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സൗകര്യ ആശുപത്രിയിലെ ഡോക്ടറാണ് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്.
ദോശക്കല്ല് ചൂടായത് അറിയാതെ കുഞ്ഞ് അതിൽ കയറി ഇരുന്നപ്പോഴാണ് പൊള്ളിയത് എന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. ഇതിൽ സംശയം തോന്നിയപ്പോഴാണ് ഡോക്ടർമാർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. അമ്മ പൊള്ളിച്ചതാണ് എന്നായിരുന്നു കുഞ്ഞ് ആദ്യം മൊഴി നൽകിയത്. പിന്നീട് അത് മാറ്റി അമ്മ പറഞ്ഞതുപോലെ പറയുകയായിരുന്നു. അമ്മയുമായി വേർപിരിഞ്ഞ് നിൽക്കാനാവാതെ കുഞ്ഞ് ബഹളം വച്ചിരുന്നു. ഇതാണ് അറസ്റ്റ് വൈകാൻ കാരണമായത്. ഒടുവിലാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.