KERALA

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുകയെന്നത് പ്രധാന ലക്ഷ്യമെന്ന് വ്യവസ്ഥ; പിഎം ശ്രീയുടെ ധാരണാപത്രം ന്യൂസ് മലയാളത്തിന്

"പിഎം ശ്രീ സ്‌കൂളുകളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയണം. പിഎം ശ്രീ സ്‌കൂളുകള്‍ എന്ന് സ്‌കൂളുകളുടെ പേരിന് മുന്നില്‍ ചേര്‍ക്കണമെന്നും വ്യവസ്ഥ"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം ന്യൂസ് മലയാളത്തിന്. പിഎം ശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യം ദേശീയ നയം നടപ്പിലാക്കുകയെന്ന് ധാരണാപത്രത്തില്‍ വ്യവസ്ഥ.

സമഗ്ര ശിക്ഷാ കേരളയുടെ സംവിധാനങ്ങള്‍ അടക്കം ഉപയോഗിച്ച് പദ്ധതി നടപ്പാക്കണം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ പദ്ധതി പരിപൂര്‍ണമായും നടപ്പിലാക്കണം. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ പിന്നീട് പദ്ധതി അവസാനിപ്പിക്കാനാകില്ലെന്നും ധാരണാപത്രത്തില്‍ പറയുന്നു. അഞ്ച് വര്‍ഷം വരെ കേന്ദ്രസര്‍ക്കാരിന്റെ സഹായം പിഎം ശ്രീ സ്‌കൂളുകള്‍ക്ക് കിട്ടും. അഞ്ച് വര്‍ഷത്തിന് ശേഷം സ്‌കൂള്‍ സംസ്ഥാനത്തിന് കൈമാറിയാലും വരുത്തിയ മാറ്റങ്ങള്‍ നിലനിര്‍ത്തണം.

പദ്ധതി നടപ്പാക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനാണ്. വിഭാവനം ചെയ്ത പുതിയ ബോധനരീതി സ്‌കൂളുകളില്‍ നടപ്പാക്കണം. മൂല്യനിര്‍ണയ സമ്പ്രദായം പുതിയ പദ്ധതി പ്രകാരമാകണമെന്നും ധാരാപത്രത്തില്‍ പറയുന്നു.

പിഎം ശ്രീ സ്‌കൂളുകളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയണം. മറ്റു കേന്ദ്ര പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയില്‍ പിഎം ശ്രീ സ്‌കൂളുകള്‍ ഉണ്ടാകണം. പിഎം ശ്രീ സ്‌കൂളുകള്‍ എന്ന് സ്‌കൂളുകളുടെ പേരിന് മുന്നില്‍ ചേര്‍ക്കണമെന്നും ഇത് പിന്നീട് ഒരിക്കലും മാറ്റാന്‍ ആകില്ലെന്നും ധാരണാപത്രത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

ഈ മാസം 16 ആം തീയതിയാണ് ധാരണാപത്രം ഒപ്പിട്ടത്. പിഎം ശ്രീ സ്‌കൂളുകളുടെ നടത്തിപ്പിനായി ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണം. പദ്ധതി പ്രകാരം കിട്ടുന്ന ഫണ്ട് എങ്ങനെ വിനിയോഗിക്കണം എന്ന് മോണിറ്ററിംഗ് കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. കിട്ടുന്ന തുകയുടെ 40 ശതമാനം ഇന്നവേറ്റിവ്/ഫ്‌ളക്‌സിബിള്‍ ഫണ്ട് ആയിരിക്കും. ഈ തുക ഓരോ സ്‌കൂളിന്റെയും സവിശേഷ സാഹചര്യങ്ങള്‍ പ്രകാരം വിനിയോഗിക്കാമെന്നും കരാറില്‍ പറയുന്നു.

പിഎം ശ്രീ സ്‌കൂളുകളുടെ അധ്യാപക, വിദ്യാര്‍ഥി രജിസ്റ്റര്‍ സൂക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. സംസ്ഥാനം പദ്ധതി നടപ്പാക്കാന്‍ സമ്പൂര്‍ണ പിന്തുണ നല്‍കണം.

പിഎം ശ്രീ പദ്ധതിയിലെ കേന്ദ്ര അജണ്ട നടപ്പാക്കാന്‍ അംഗീകരിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. അതിനിടെയാണ് പൂര്‍ണമായും വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്യുന്നത്. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും കഴിഞ്ഞ ഏതാനും ദിവസമായി വാര്‍ത്തകളും ചര്‍ച്ചകളും നടക്കുന്നുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു.

SCROLL FOR NEXT