തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്വകാര്യവൽകരണത്തിന് സൂചന നൽകി യുഡിഎഫ് സർക്കാർ. സെപ്റ്റംബർ മാസത്തിൽ 1900 ബസുകളുടെ ഫിറ്റ്നസ് അവസാനിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ സ്വകാര്യവൽകരണ തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ഉത്സവകാല സീസണുകളിൽ ബസുകൾ വെറ്റ് ലീസ് അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കും. ഇങ്ങനെ എടുക്കുന്ന പദ്ധതിയിൽ ഡ്രൈവറും ബസും ഉൾപ്പെടെയാണ് കെഎസ്ആർടിസിക്ക് ലഭിക്കുക. നോൺ എസി വിഭാഗത്തിൽ 600 ബസുകൾക്കും , എസി സീറ്റര്‍ , സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ വിഭാഗത്തിൽ 63 ബസുകൾക്കായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ബസുകളുടെ ക്ഷാമം ഉന്നയിച്ചാണ് യുഡിഎഫ് സർക്കാർ സ്വകാര്യവൽകരണം നടപ്പാക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സാമ്പത്തിക നഷ്ടം ഉണ്ടായതോടെ ഉപേക്ഷിച്ച പദ്ധതിയാണ്. പിണറായി സർക്കാർ 10 ബസുകളാണ് അന്ന് വാടകയ്ക്ക് എടുത്തിരുന്നത്.
എന്നാൽ ഇത് സർക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കിയതോടെ പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഈ പദ്ധതിയെ അന്ന് വി.ഡി. സതീശൻ അടക്കമുള്ള പ്രതിപക്ഷാംഗങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു.