വിഴിഞ്ഞം തീരത്തടിഞ്ഞ ബാരലുകള്‍ Source: News Malayalam 24x7
KERALA

അറബിക്കടലിലെ കപ്പലപകടം; വിഴിഞ്ഞം തീരത്ത് ബാരലുകൾ അടിഞ്ഞു

വിഴിഞ്ഞത്തെ ഫിഷ് ലാൻഡിങ് പ്രദേശത്താണ് ബാരലുകള്‍ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചിയിലെ കപ്പലപകടത്തിന് പിന്നാലെ വിഴിഞ്ഞം തീരത്ത് ബാരലുകൾ അടിഞ്ഞു. ബാരലുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ദ്രാവകങ്ങൾ നിർമിക്കുന്ന ഓയിലാണ്. വിഴിഞ്ഞത്തെ ഫിഷ് ലാൻഡിങ് പ്രദേശത്താണ് ബാരലുകള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് കൊച്ചി തീരത്തിന് അടുത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിലെ സാധനങ്ങളുടെ പട്ടിക സർക്കാർ പുറത്തുവിട്ടത്. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറുകളില്‍ കാൽസ്യം കാർബൈഡാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും 'ക്യാഷ്' എന്ന് എഴുതിയ നാല് കണ്ടെയ്നറുകളില്‍ കശുവണ്ടിയും. 87 കണ്ടെയ്നറുകളില്‍ തടിയുമാണ് ഉണ്ടായിരുന്നതെന്നാണ് സർക്കാർ പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്.

കണ്ടെയ്നറുകളില്‍ എട്ട് എണ്ണം മാത്രമാണ് ഇപ്പോഴും കപ്പലിനുള്ളിലുള്ളത്. ബാക്കിയുള്ള കണ്ടെയ്നറുകൾ പുറത്താണ്. കപ്പലപകടം സമുദ്ര -തീരദേശ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നതടക്കം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിനു പിന്നാലെയാണ് സർക്കാർ പട്ടിക പുറത്തുവിട്ടത്. രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലായിരുന്നു നടപടി. മെയ് 24നാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലിൽ കപ്പൽ അപകടത്തിൽപ്പെട്ടത്.

കപ്പൽ അപകടത്തിന്റെ പരിണിത ഫലങ്ങൾ സംബന്ധിച്ച് മത്സ്യ മേഖലയില്‍ അടക്കം ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ടി.എൻ. പ്രതാപന്‍ പൊതുതാൽപ്പര്യ ഹർജി നൽകിയത്. കപ്പൽ അപകടത്തെ തുടർന്നുള്ള മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്നും മത്സ്യ തൊഴിലാളികൾക്കായി നഷ്ടപരിഹാര - പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൂടാതെ പരിസ്ഥിതി ആഘാതം വിലയിരുത്താൻ ഉന്നതാധികാര - വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. നഷ്ടപരിഹാരം തേടി കപ്പൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരന്‍ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് അപകടത്തിന്റെ പരിണിത ഫലമെന്തെന്നത് സംബന്ധിച്ച് പൊതു ഇടത്തില്‍ വിവരങ്ങൾ ലഭ്യമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചത്.

SCROLL FOR NEXT