ക്ഷേമ പെൻഷൻ വിവാദം തന്നെ നിലമ്പൂരിൽ ചർച്ച; പെൻഷൻ ഗുണഭോക്താക്കളുടെ കൂട്ടായ്മ വിളിച്ചുചേർക്കാൻ സിപിഐഎം

തെരഞ്ഞെടുപ്പ് വരുമ്പോൾ ക്ഷേമപെൻഷൻ ഒരുമിച്ച് കൊടുക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ആവർത്തിക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ
kshema pension
ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നത് ഇതാദ്യമായല്ലSource: X/ @vijayanpinarayi
Published on

പ്രചാരണം കൊട്ടിക്കയറുമ്പോഴും ക്ഷേമപെൻഷൻ വിവാദമാണ് തുടർച്ചയായ രണ്ടാം ദിവസവും നിലമ്പൂരിലെ മുഖ്യ ചർച്ച. പെൻഷൻ കൈക്കൂലിയല്ല അവകാശമാണെന്ന മുദ്രാവാക്യവുമായി പെൻഷൻ ഗുണഭോക്താക്കളുടെ കൂട്ടായ്മ വിളിച്ചുചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഐഎം.

തെരഞ്ഞെടുപ്പ് വരുമ്പോൾ ക്ഷേമപെൻഷൻ ഒരുമിച്ച് കൊടുക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ആവർത്തിക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ സിപിഐഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.

kshema pension
ക്ഷേമ പെൻഷനെ കൈക്കൂലിയെന്ന്‌ ആക്ഷേപിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളി, കെ.സി. വേണുഗോപാൽ മാപ്പ് പറയണം: സിപിഐഎം

കെ.സി.വേണുഗോപാൽ തുടക്കമിട്ട ക്ഷേമപെൻഷൻ കൈക്കൂലി വിവാദത്തിൽ മുറുകെപ്പിടിക്കാൻ തന്നയാണ് എൽഡിഎഫ് ക്യാമ്പിൻ്റെ തീരുമാനം. 2500 രൂപയായെങ്കിലും ക്ഷേമ പെൻഷൻ വർധിപ്പിക്കണം എന്നതാണ് ഇടതുപക്ഷത്തിൻ്റെ നിലപാടെന്ന് ഇടത് സ്ഥാനാർത്ഥി എം.സ്വരാജ് പറയുന്നു.

എൽഡിഎഫ് പെൻഷൻ ചർച്ച സജീവമാക്കി നിർത്തുമ്പോൾ യുഡിഎഫും വിടുന്നില്ല. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ സിപിഐഎമ്മിനെ വെല്ലുവിളിക്കുകയാണ് പ്രതിപക്ഷനേതാവ്. വി.ഡി. സതീശൻ.

വിവാദത്തിന് പിന്നിൽ

യുഡിഎഫ് കൺവെൻഷനിൽ കെ.സി.വേണുഗോപാൽ പറഞ്ഞ വാക്കുകളാണ് വിവാദമായത്. ക്ഷേമപെന്‍ഷന്‍ തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാക്കി പിണറായി വിജയന്‍ മാറ്റിയെന്ന പ്രസ്താവന വിവാദത്തിന് തിരി കൊളുത്തി. എന്നാൽ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ പ്രതിഫലനം നിലമ്പൂരിലുണ്ടാകുമെന്ന പേടി യുഡിഎഫിനുണ്ടെന്നും അതിനാലാണ് കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയെന്നും സിപിഐഎം ആരോപിക്കുന്നു.

എന്നാൽ പ്രസംഗം വളച്ചൊടിച്ചതാണെന്നും മാപ്പ് പറയില്ലെന്നുമാണ് കെ.സി. വേണുഗോപാലിൻ്റെ നിലപാട്. കുടിശ്ശിക ഉണ്ടാക്കി ഇലക്ഷൻ സമയത്ത് ഒരുമിച്ച് കൊടുക്കുന്നത്, ജനങ്ങളെ കൈക്കൂലിക്കാരായി കാണുന്നതിന് തുല്യമാണെന്ന ആരോപണമാണ് കെ.സി. വേണുഗോപാൽ ഉയർത്തുന്നത്.

ക്ഷേമ പെൻഷൻ ആരംഭിച്ചത് 1980ൽ ഇ.കെ.നായനാർ സർക്കാരാണെന്നും അതിനെ എതിർത്ത് സമരം ചെയ്തത് കോൺഗ്രസുകാരാണെന്നും കൂടി നിലമ്പൂരിലെ ഇടതുസ്ഥാനാർഥി എം. സ്വരാജ് പറഞ്ഞതോടെ കെ.സി വേണുഗോപാലിന്റെ കൈക്കൂലി പരാമർശം സെൽഫ് ഗോളായി മാറുകയാണ്.

തുടരുന്ന വിവാദങ്ങൾ

ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നത് ഇതാദ്യമായല്ല. നിലവിൽ ക്ഷേമ പെൻഷൻകാർക്ക്‌ 1600 രൂപ വീതം സംസ്ഥാന സർക്കാർ എല്ലാ മാസവും നൽകുന്നുണ്ട്‌. സർക്കാരിന് മുന്നിലെ പ്രഥമ പരിഗണന ക്ഷേമ പെൻഷൻ കുടിശിക കൊടുത്ത് തീർക്കലാണെന്ന് ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ ന്യൂസ് മലയാളത്തോട് നേരത്തെ പറഞ്ഞിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കുടിശിക തീർക്കുമെന്നും, വർധന അതിനു ശേഷം ആലോചിക്കുമെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു.

kshema pension
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍; ഷാളണിയിച്ച് രാജീവ് ചന്ദ്രശേഖർ

സർക്കാർ പദ്ധതി പ്രകാരം കർഷക തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, മാനസിക – ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ, വിധവാ പെൻഷൻ, 50 കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയിലൂടെ പ്രതിമാസം 1600 രൂപയാണ് ഓരോ ​ഗുണഭോക്താക്കളിലേക്കും എത്തുന്നത്.

നാളെ നിലമ്പൂരിൽ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇടതുപക്ഷം. കെഎസ്കെടിയുവിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മിണ്ടാട്ടമില്ലാതെ ബിജെപി

അതേസമയം എൽഡിഎഫും യുഡിഎഫും ചർച്ചയാക്കുന്ന ക്ഷേമപെൻഷൻ, ജില്ലാ രൂപീകരണ ചരിത്രം, മലപ്പുറം വിരുദ്ധത അടക്കം വിഷയങ്ങളിലൊന്നും ബിജെപി പ്രതികരിക്കുന്നില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അനാവശ്യമായി ഉണ്ടായതാണെന്ന നിലപാട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്നും ആവർത്തിച്ചു.

എൽഡിഎഫും യുഡിഎഫും അവസരവാദ രാഷ്ട്രീയം കളിക്കുന്നു എന്ന് ബിജെപി ആരോപിക്കുന്നു. ക്ഷേമ പെൻഷൻ കൈക്കൂലിയാക്കിയെന്ന കെസി വേണുഗോപാലിൻ്റെ പരാമർശം യുഡിഎഫിനെതിരെയും മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിലെ മലപ്പുറം പരാമർശം യുഡിഎഫ് എൽഡിഎഫിനെതിരെയും വരും ദിവസങ്ങളിലും ചർച്ചയാക്കും. ഇതിനിടെ എല്ലാ പക്ഷത്തേയും ഒരുപോലെയെതിർക്കുന്ന അൻവർ ഫാക്ടറും അപ്രവചനീയ അടിയൊഴുക്കുകളും ചേർന്നാകും നിലമ്പൂരിൻ്റെ ജനവിധി നിർണയിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com