പി.കെ. നവാസ്, വി.എ. വഹാബ്, ഫാത്തിമ തഹ്ലിയ Source: Facebook
KERALA

"ഹരിത വിവാദത്തിന് പിന്നാലെ ഭാവി സുരക്ഷിതമാക്കാൻ നേതാക്കളുടെ കാല് പിടിച്ചു"; ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ എംഎസ്എഫ് നേതാവ്

പി.കെ. നവാസിനെ ഫാത്തിമ തഹ്ലിയ വേട്ടയാടുന്നു എന്നും വി.എ. വഹാബ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയയ്ക്കും മുഫീദ തെസ്നിക്കും എതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ്. ഹരിത വിവാദത്തിന് പിന്നാലെ ഭാവി സുരക്ഷിതമാക്കാൻ നേതാക്കളുടെ കാല് പിടിച്ചെന്ന് വഹാബ് ആരോപിച്ചു.

രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ പാർട്ടിയുടെ കാല് പിടിച്ച് ലക്ഷ്യം നേടിയെടുത്ത ശേഷം ഇരവാദം ഉന്നയിക്കുന്നത് പാർട്ടിയെ ഒറ്റികൊടുക്കുന്നതിന് തുല്യമാണ്. പി.കെ. നവാസിനെ ഫാത്തിമ തഹ്ലിയ വേട്ടയാടുന്നു. പെണ്ണ് എന്ന പ്രിവിലേജ് ഉപയോഗിച്ച് ഏത് നുണയെയും സത്യമാക്കാമെന്നുമുള്ള ചിന്ത ഒരു തരം മാനസിക വിഭ്രാന്തിയാണ് തഹ്ലിയയ്ക്ക് ഉള്ളതെന്നും വി.എ. വഹാബ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

രാഷ്ട്രീയം എന്നത് നിലപാടുകളുടെ പോരാട്ടമാകാം, പക്ഷെ അത് സ്വന്തം സഹപ്രവർത്തകന്റെ പച്ചമാംസം കൊത്തിവലിക്കുന്ന ക്രൂരതയാകുന്നത് കാണുമ്പോൾ മൗനം പാലിക്കാനാവില്ല. താനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റുമായ പി.കെ. നവാസെന്ന മനുഷ്യനെതിരെ ഹരിത വിവാദത്തിൻ്റെ പേരിൽ ഇന്നും തുടരുന്ന വേട്ടയാടലുകൾ വെറും യാദൃശ്ചികമല്ല;അത് അസത്യങ്ങളുടെ ചതിക്കുഴികൾ തീർക്കുന്ന തികഞ്ഞ ക്രിമിനലിസമാണ്.

പാണക്കാട് തങ്ങളുടെ തിരുമുറ്റത്ത് വന്ന് ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചും, കോഴിക്കോടും കാരത്തോടും സിറ്റിങ്ങുകൾ നടത്തി നേതാക്കളുടെ വീടുകൾ തോറും കയറിയിറങ്ങി കാലുപിടിച്ചും പ്രസ്ഥാന സ്ഥാനമാനങ്ങളിൽ കടന്നുകൂടിയവർ, നിയമസഭാ ഇലക്ഷൻ സമയത്തും അതിന് ശേഷവും ആ മനുഷ്യനെതിരെ വീണ്ടും പത്തിവിടർത്തി വിഷം തുപ്പുന്നത് രാഷ്ട്രീയ നന്ദികേടിന്റെ പാരമ്യമാണ്.

നിയമസഭാ ഇലക്ഷൻ്റെ നിർണ്ണായക ഘട്ടത്തിൽ പോലും പി.കെ. നവാസ് മത്സരിക്കുന്ന താനൂരിലെ വോട്ടർക്ക് "ഹരിത വിഷയം ഉള്ളതാണെങ്കിലും, പാർട്ടിയുടെ ഉള്ളിൽ തീരുമാനമായതാണല്ലോ" എന്ന് മുഫീദയെപ്പോലുള്ളവർ മെസ്സേജ് അയക്കുമ്പോൾ, നവാസ് കുറ്റക്കാരനാണെന്ന തെറ്റായ സന്ദേശം പൊതുജനങ്ങൾക്ക് നൽകുക വഴി നിങ്ങൾ കൊത്തിവലിക്കാൻ ശ്രമിച്ചത് ഒരു വ്യക്തിയെ മാത്രമല്ല, ഒരു പ്രസ്ഥാനത്തിന്റെ അഭിമാനത്തെയും വിജയത്തെയും കൂടിയാണ്.

തഹ്‌ലിയയെപ്പോലുള്ളവർ ചാനലുകൾക്ക് മുന്നിൽ വന്ന് "ഞാൻ നിലപാട് മാറ്റിയതായി എവിടെയും കാണാനും പറ്റില്ലല്ലോ നിങ്ങൾക്ക്, എൻ്റെ റൈറ്റിംഗിൽ നിന്നോ എൻ്റെ മൗത്തിൽ നിന്നോ അങ്ങിനെ ഒരു മാറ്റിയ തീരുമാനം ഉണ്ടായിട്ടില്ല"-ഇതാവർത്തിക്കുന്നത് കേവലം ആത്മസംതൃപ്തി കൊള്ളാനല്ലെന്നറിയാം, മറിച്ച് പാർട്ടി നേതൃത്വത്തിന് മുന്നിൽ നടത്തിയ കീഴടങ്ങലുകളെ മൂടിവെക്കാനുള്ള വെറും നാലാംകിട വർത്തമാനം മാത്രമാണ്. അല്ലായിരുന്നെങ്കിൽ ചാനൽ ചർച്ചകളിൽ അത്തരം ചോദ്യങ്ങളെ എത്രമേൽ അനായാസം "no comments" എന്ന രീതിയിൽ മറുപടി നൽകാമായിരുന്നല്ലോ.

ഇവിടെ പാർട്ടി നേതൃത്വത്തിന് നൽകിയ വാക്കിനെ പരസ്യമായി വെല്ലുവിളിക്കൽ കൂടിയാണ് ചെയ്തിട്ടുള്ളത്. പെൺ എന്ന പ്രിവിലേജ് ഉപയോഗിച്ച് എന്തും പ്രചരിപ്പിക്കാമെന്നും, ഏത് നുണയെയും സത്യമാക്കാമെന്നുമുള്ള ചിന്ത ഒരു തരം മാനസിക വിഭ്രാന്തിയാണ്. മാപ്പ് പറഞ്ഞതിലൂടെയും കേസ് പിൻവലിച്ചതിലൂടെയും പൊതുസമൂഹത്തിന് മുന്നിൽ തങ്ങൾക്കുണ്ടായ അവമതിപ്പ് മറക്കാൻ പി.കെ.നവാസെന്ന ഒരു മനുഷ്യൻ്റെ ജീവിതം ബലികൊടുക്കുന്നത് നികൃഷ്ടമായ കുതന്ത്രമാണ്.

ഇത്തരം 'ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിന്' നേതൃത്വം ഇനിയും തടയിട്ടില്ലെങ്കിൽ, ഭാവിയിൽ ഈ വിഷച്ചെടികൾ പ്രസ്ഥാനത്തെത്തന്നെ വിഴുങ്ങും എന്ന കാര്യത്തിൽ തർക്കമില്ല. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും,താൻ മത്സരിക്കുന്ന നിയമസഭാ ഇലക്ഷനിൽ തനിക്കെതിരെ ആഞ്ഞടിക്കുന്ന തിരമാല പോലെ ആരോപണങ്ങൾ എതിരാളികൾ ഉയർത്തിയിട്ടും മേൽ വിവാദത്തിൽ പാർട്ടിയുടെ ഐക്യത്തിനും കെട്ടുറപ്പിനും പോറലേൽക്കരുതെന്ന ഉറച്ചബോധ്യത്തിൽ "no comments" എന്ന രീതിയിൽ ഒരു മറുവാക്കും പറയാത്ത, ഒരു അപശബ്ദവും ഉണ്ടാക്കാത്ത ഒരു മനുഷ്യനെ വ്യക്തിപരമായി തകർക്കാൻ നുണകളുടെ പരമ്പര തന്നെ സൃഷ്ടിക്കുന്നത് എത്രത്തോളം നീചമാണ്.

തങ്ങളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ പാർട്ടിയുടെ കാല് പിടിക്കുകയും, ആ ലക്ഷ്യം നേടിയെടുത്ത ശേഷം സൗകര്യപൂർവ്വം 'ഇരവാദം' ഉയർത്തുകയും ചെയ്യുന്നത് നിലപാടിൻ്റെ രാഷ്ട്രീയമല്ല, മറിച്ച് മുപ്പത് വെള്ളിക്കാശിന് വേണ്ടി പാർട്ടിയെയും മഹനീയ നേതൃത്വത്തെയും ഒറ്റിക്കൊടുക്കുന്ന പൈശാചിക പ്രവൃത്തിയാണ്. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും മാധ്യമ കവറേജിനും സോഷ്യൽമീഡിയ ലൈക്കിനും വേണ്ടി സ്വന്തം സഹപ്രവർത്തകനെ പിന്നിൽ നിന്ന് കുത്തുന്ന ഈ നികൃഷ്ട മനസ്സ് മാരകമായൊരു മനോരോഗമാണ്.

ഒരു മനുഷ്യനെ ഇത്രത്തോളം ക്രൂരമായി ദ്രോഹിക്കാൻ വിട്ടുനൽകുന്നത് പാർട്ടിയുടെ അന്തസ്സിന് ചേർന്നതല്ല, സത്യം പുറത്തുവന്നിട്ടും നുണകളുടെ വക്കാലത്ത് പിടിക്കുന്നവർ വിഡ്ഢികളല്ല, മറിച്ച് സ്വന്തം ലാഭത്തിനായി മനസ്സാക്ഷിയെ വിൽക്കുന്നവരാണ്.ഈ 'നികൃഷ്ട മനസ്സിന്റെ' ഉടമകൾക്ക് ചരിത്രം മാപ്പ് നൽകില്ല.'കാലം' ഇതിന് മറുപടി നൽകുക തന്നെ ചെയ്യും.

NB: "ഈ വിഷയം എപ്പോഴേ തീർന്നതല്ലേ, ഇപ്പോൾ എന്തിനാ ഇത് വീണ്ടും കുത്തിപ്പൊക്കുന്നത്?"എന്ന് ചോദിച്ച് വരാൻ നിൽക്കുന്നവരോട്; മാപ്പ് പറഞ്ഞവർ തന്നെ മാധ്യമങ്ങളിലൂടെയും വോട്ടർമാർക്കിടയിലും ഇപ്പോഴും നുണകൾ ആവർത്തിച്ച് നവാസിനെ വേട്ടയാടുമ്പോൾ, സത്യം പറയുന്നതിനും നീതിക്ക് വേണ്ടി നിൽക്കുന്നതിനും 'സമയം' ഒരു തടസ്സമല്ല.

SCROLL FOR NEXT