കോഴിക്കോട്: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡിയുടെ റിപ്പോർട്ടിനെതിരെ സിപിഐഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. തൻ്റെ പച്ച ഇറച്ചി കടിച്ച് തിന്നുകയാണ് ഇഡിയെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. കുറെകാലമായി ഇഡി വീണയെ വേട്ടയാടുകയാണ്. എന്തെങ്കിലും കിട്ടിയോ. നാളെ എന്ത് വരുമെന്ന് കരുതി ഞാൻ പേടിച്ച് നിൽക്കണോ. അങ്ങനെ പേടിച്ച് നിൽക്കാനല്ല തൻ്റെ പാർട്ടി തന്നെ പഠിപ്പിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
തൻ്റെ സുഹൃത്തിനെ ഇഡി ചോദ്യം ചെയ്തു. റെയ്ഡ് നടത്തി ഒന്നും കിട്ടാതായപ്പോൾ പിണറായി വിജയൻ്റെ പേര് പറയാൻ നിർബന്ധിച്ചു. അത് നിഷേധിച്ചപ്പോൾ വീണയുടെ ഇടപാടാണ് എന്ന് പറയാൻ നിർബന്ധിച്ചു. അതും അദ്ദേഹം നിഷേധിച്ചു. പിന്നീട് എൻ്റെ പേര് പറയാൻ പറഞ്ഞു. അതും നിഷേധിച്ചതോടെ നിങ്ങളുടെ മകളെ പ്രതിയാക്കുമെന്ന് പറഞ്ഞ് ഇഡി സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
സ്വന്തം മകളെ രക്ഷിക്കണോ അതല്ല, മറ്റുള്ളവരുടെ മകളെ രക്ഷിക്കണോ എന്ന് ഇഡി സുഹൃത്തിനോട് ചോദിച്ചു. അല്ലെങ്കിൽ പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് ഇവരുടെ ആരുടെയങ്കിലും പേര് പറയാൻ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് തൻ്റെ പേര് അതിൽ ടൈപ്പ് ചെയ്ത് ഒപ്പിടീച്ചതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
ധർമ്മസങ്കടത്തിലായ സുഹൃത്ത് പിറ്റേദിവസം തന്നെ ഇഡിക്ക് കത്തെഴുതി കാര്യങ്ങൾ പറഞ്ഞു. മുഹമ്മദ് റിയാസിനെതിരെ തെളിവുകൾ എന്ന രീതിയിൽ ഇന്നത്തെ പത്രങ്ങളിലും മാധ്യമങ്ങളിലും വാർത്തകൾ വന്നു. കമ്യൂണിസ്റ്റുകാർക്ക് ഇഡിയെ പേടിയില്ല. ഇഡിക്കെതിരെ നടപടി നിയമപരമായി നേരിടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സേവനം നൽകിയത് മാസപ്പടി എന്ന് ചിത്രീകരിക്കാൻ ശ്രമിച്ചു. നികുതിയും ജിഎസ്ടിയും അടച്ചാണ് വീണ പണം വാങ്ങിയത്. വീണയും സിഎംആർഎല്ലും തമ്മിലുള്ളത് നിയമപരമായ പണമിടപാടാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സേവനം നൽകാതെയാണ് വീണ പണം വാങ്ങിയത് എന്ന മൊഴി സിഎംആർഎല്ലിൻ്റെ എംഡി കൊടുത്തിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.