KERALA

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു; നാല് പേരുടെ നില അതീവ ഗുരുതരം

വെടിക്കെട്ട് പുരയുടെ ലൈസന്‍സ് ഉടമയായ സതീഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.

Author : ന്യൂസ് ഡെസ്ക്

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് പുരയുടെ ലൈസന്‍സ് ഉടമയായ സതീഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.

അപകടത്തില്‍ മരിച്ച 10 പേരില്‍ എട്ടു പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. അതിനുള്ള നടപടികള്‍ ഇന്നും തുടരും.

സംഭവ സ്ഥലത്ത് ഇന്നും പരിശോധന നടത്തും. അപകടത്തിന് കാരണം ചൂട് കൂടിയതല്ല എന്നതാണ് പെസോയുടെ പ്രാഥമിക വിലയിരുത്തല്‍. ഇത് സംബന്ധിച്ചുള്ള പരിശോധനയും ഇന്ന് നടന്നേക്കും.

അതേസമയം തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ അന്തിമ തീരുമാനമെടുക്കാനുള്ള നിര്‍ണായകയോഗം ഇന്ന് നടക്കും. രാവിലെ പത്തരയ്ക്ക് തൃശൂര്‍ കലക്ടറേറ്റിലാണ് യോഗം ചേരുക. മന്ത്രിമാരും തിരുവമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

പൂരത്തിന് വെടിക്കെട്ട് ഒഴികെയുള്ള എല്ലാ ചടങ്ങുകളും പ്രൗഢി നിലനിര്‍ത്തിക്കൊണ്ട് തന്നെ നടത്താനാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താം എന്ന അഭിപ്രായമാണ് പാറമേക്കാവ് വിഭാഗം പങ്കുവെച്ചത്. ആചാരപരമായി പൂരം നടത്തണം എന്ന നിലപാട് തിരുവമ്പാടിയും വ്യക്തമാക്കി. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 വരെ ദുഃഖാചരണം നടത്തും.

ഈ ദിവസങ്ങളില്‍ തിരുവമ്പാടി ദേവസ്വം ദീപാലങ്കാരങ്ങള്‍ ഒന്നും പ്രദര്‍ശിപ്പിക്കില്ല. പറയെടുപ്പ് മാത്രമാകും നടത്തുക. 25ആം തീയതി മാത്രമായി ചമയ പ്രദര്‍ശനം ചുരുക്കിയിട്ടുണ്ട്. മറ്റ് പൂരച്ചടങ്ങുകള്‍ എല്ലാം അതേപടി നടത്താനുമാണ് നിലവിലെ തീരുമാനം. ഇരുവിഭാഗത്തിന്റെ പ്രതിനിധികളും ഇന്ന് സര്‍ക്കാരിനെ നിലപാട് അറിയിക്കും. സര്‍ക്കാര്‍ നിലപാട് പൂരം നടത്തിപ്പില്‍ നിര്‍ണായകമാകും.

SCROLL FOR NEXT