KERALA

തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്തിയേക്കും? വെടിക്കെട്ടുകൾ കൂടി ഒഴിവാക്കാൻ ആലോചന

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് അധികൃതർ യോഗം ചേരുന്നത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തെ തുടർന്ന് പൂരം ചടങ്ങ് മാത്രമാക്കി നടത്തിയേക്കും. ദേവസ്വം മന്ത്രി വി.എൻ. വാസവൻ്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്ന് തീരുമാനിക്കും. കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ, മന്ത്രിമാർ, ജില്ലാ ഭരണകൂടത്തിൻ്റെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പൂരം വെടിക്കെട്ടുകൾ കൂടി ഒഴിവാക്കാൻ ആലോചന നടക്കുന്നതായും വിവരം പുറത്തുവരുന്നുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം ഉണ്ടായത്.

പ്രദേശത്ത് തുടർച്ചയായി സ്ഫോടനം ശബ്ദം കേൾക്കുകയും പുക ഉയരുന്നത് കാണുകയും ചെയ്തതോടെയാണ് നാട്ടുകാർ അപകടം മനസിലാക്കി ഓടിയെത്തുകയായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താൽക്കാലികമായ പടക്കപ്പുര തയ്യാറാക്കിയിരുന്നത്.

വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരിച്ച 13 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ച ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഒമ്പത് ശരീര ഭാഗങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ അവശ്യമാണ്. 13 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

SCROLL FOR NEXT