തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഫണ്ട് തട്ടിപ്പ് വിഷയത്തിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം. ബിജെപി കോർ കമ്മിറ്റിയിലാണ് കടുത്ത വിമർശനം ഉയർന്നത്. തട്ടിപ്പ് നടത്തിയവരെ നിയമിച്ചത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണെന്നും നേതൃത്വത്തിന് ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സുരേഷിനെ മാറ്റിയേ തീരൂവെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. സോമനെതിരെയും രൂക്ഷ വിമർശനമുയർന്നു. വട്ടിയൂർകാവ് മണ്ഡലത്തിലെ ക്രമക്കേടിനെതിരെ ശ്രീലേഖ ഔദ്യോഗികമായി പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. മണ്ഡലം ചുമതല വഹിച്ച സോമനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും പാർട്ടി സംരക്ഷിക്കുന്നത് ലജ്ജാകരമാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പാർട്ടിയുടെ വിശ്വാസ്യത ഇല്ലാതാവുമെന്ന് ബി. ഗോപാലകൃഷ്ണൻ വിമർശിച്ചു.
തൃശൂർ ഓഫീസിൽ നിന്നും കോടികൾ മാറ്റിയത് എങ്ങോട്ടെന്ന് അറിയണമെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. ഇൻകം ടാക്സ് റെയ്ഡിൻ്റെ പേരിൽ ഫണ്ട് മാറ്റാൻ സംസ്ഥാനം നിർദേശം നൽകിയിരുന്നു എന്നും പാർട്ടിയുടെ പണം നഷ്ടമായെങ്കിൽ അത് തിരിച്ചു കിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇത്തവണ പാർട്ടി തങ്ങളെ പ്രതിരോധിച്ചില്ലെന്നും രാഷ്ട്രീയ എതിരാളികൾക്ക് എറിഞ്ഞു കൊടുത്തെന്നും വൈസ് പ്രസിഡൻ്റ് കെ. സോമൻ പരിഭവം പ്രകടിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആരോപണം ഉണ്ടായപ്പോൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും രംഗത്തിറങ്ങിയെന്നും അദ്ദേഹം ഓർമിപ്പിച്ചു. സോമന് മറുപടിയുമായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തെത്തി. ഇത്തവണ നിങ്ങൾ എല്ലാം കൂടി പാർട്ടിയെ പ്രതിരോധത്തിലാക്കി എന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.