KERALA

"ഭാരതം നമ്മുടെ അമ്മ, ഒറ്റക്കെട്ടായി പ്രവർത്തിക്കണം"; ബിജെപി വേദിയില്‍ ഔസേപ്പച്ചൻ; നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ബി. ഗോപാലകൃഷ്ണന്‍

ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയുടെ യാത്ര. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തിയിരുന്നു. ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഔസേപ്പച്ചൻ പറഞ്ഞു.

സംസ്കാരം കൊണ്ട് ഭാരതം ലോകത്ത് ഏറ്റവും ഉയർന്നു നിൽക്കുന്ന രാജ്യമാണ്. രാജ്യത്തിനുവേണ്ടി നമ്മളെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ആശയങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ കുടുംബത്തിനുവേണ്ടി ഒന്നിച്ച് പ്രവർത്തിക്കണമെന്നും ബിജെപിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് എല്ലാവിധ പിന്തുണ നൽകുന്നതായും ഔസേപ്പച്ചൻ പറഞ്ഞു. ഒരേ ചിന്തയിൽ വളരണം. രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി. ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചൻ പ്രശംസിച്ചു.

നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്ന് ഫക്രുദ്ദീന്‍ അലിയും പറഞ്ഞു. പോസിറ്റീവ് രാഷ്ട്രീയം ഇഷ്ടപ്പെടുന്ന ആളാണ് താൻ. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ ഈ വേദിയിലേക്ക് എത്തിച്ചത്. ബി. ഗോപാലകൃഷ്ണൻ നല്ല നേതാവാണ്. നേതൃനിരയിലേക്ക് വരാൻ യോഗ്യനാണ്. സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ ഇഷ്ടമാണ്. ചില സമയത്ത് പ്രതികരണങ്ങൾ കൈവിട്ടുപോകുന്നുണ്ട്. അത് സുരേഷ് ഗോപി തന്നെ ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫക്രുദ്ദീൻ അലി പറഞ്ഞു.

ഔസേപ്പച്ചനെയും ഫക്രുദ്ദീൻ അലിയെയും ബി. ഗോപാലകൃഷ്ണൻ ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിയിൽ ചേർന്ന് നിയമസഭയിൽ മത്സരിക്കാനാണ് ക്ഷണം. ബിജെപിക്ക് ഒപ്പം അണിചേരണമെന്ന് ഔസേപ്പച്ചനോടും ഫക്രുദ്ദീൻ അലിയോടും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. വാതിൽ തുറന്നിട്ടിരിക്കുകയാണ്. മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യമെന്നും വികസനത്തിന്റെ കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

SCROLL FOR NEXT