Source: Files
KERALA

ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി, പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം; ഒഴിയാതെ റേഞ്ച് റോവർ വിവാദം

മന്ത്രി ആവശ്യപ്പെട്ടാൻ ഇനിയും കാർ നൽകുമെന്ന് ആഡംബര കാറിൻ്റെ ഉടമ യാക്കൂബ്...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സുഹൃത്തിൻ്റെ ആഡംബര കാർ തിരിച്ചു നൽകിയെങ്കിലും, ആവശ്യമെങ്കിൽ ഇനിയും കാർ ഉപയോഗിക്കുമെന്ന മന്ത്രി കെ.എം. ഷാജിയുടെ വെല്ലുവിളിയിൽ മുസ്ലീം ലീഗിൽ കടുത്ത അതൃപ്തി. വിവാദം അവസാനിപ്പിക്കുന്നതിന് പകരം പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന മന്ത്രിയുടെ നിലപാട് ശരിയല്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. ഇതിനിടെ മന്ത്രി ആവശ്യപ്പെട്ടാൻ ഇനിയും കാർ നൽകുമെന്ന് ആഡംബര കാറിന്റെ ഉടമ യാക്കൂബ് ന്യൂസ് മലയാളത്തോട് പറഞ്ഞു. കെ.എം. ഷാജിയെ പിന്തുണച്ച് മന്ത്രി എം ലിജുവും പി.കെ. ഫിറോസ് എംഎൽഎയും രംഗത്ത് വന്നപ്പോൾ ഷാജിയുടെ നിലപാടിനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ വിമർശിച്ചു.

ഇന്നലെ രാത്രിയാണ് ആഡംബരക്കാർ ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി, ഫേസ്ബുക്കിൽ വിശദീകരണക്കുറിപ്പിട്ടത്. സുഹൃത്തിന്റെ ആഡംബര കാർ മന്ത്രിയായപ്പോൾ ഉപയോഗിച്ച് തുടങ്ങിയതല്ല. മുൻപും ഈ വാഹനം ഉപയോഗിച്ചുണ്ടെന്നും ഇതിൽ തെറ്റ് തോന്നുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. ആവശ്യമെങ്കിൽ സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ മന്ത്രിയുടെ നിലപാട് മുസ്ലീം ലീഗിൽ കടുത്ത എതിർപ്പിന് കാരണമായിട്ടുണ്ട്. വിവാദം അവസാനിപ്പിക്കുന്നതിന് പകരം വെല്ലുവിളിയും പ്രകോപനവും സൃഷ്ടിക്കുന്നത് ശരിയല്ലെന്നും ലീഗിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നു. കെ.എം. ഷാജിയുടെ ആഡംബര കാർ ഉപയോഗത്തോട് മന്ത്രിമാരായ കെ. മുരളീധരൻ, എം. ലിജു, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവർ വിത്യസ്ത പ്രതികരണങ്ങളാണ് നടത്തിയത്. ഷാജിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജനും രൂക്ഷ വിമർശനമുയർത്തി.

കെ.എം. ഷാജിയുടെ ബിനാമിയല്ലെന്നും ആവശ്യമെങ്കിൽ ഇനിയും കാർ നൽകുമെന്നും കാർ ഉടമ യാക്കൂബ് പ്രതികരിച്ചു. വീട്ടിൽ ആളില്ലാത്തപ്പോൾ ഷാജിയുടെ വീട്ടിലാണ് കാർ സൂക്ഷിക്കുകയെന്ന് യാക്കൂബിന്റെ മകൻ മൊഹാജിർ പറഞ്ഞു. സുഹൃത്തിന്റെ ആഡംബര കാർ ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് കെ.എം. ഷാജി ആവർത്തിക്കുന്നത്. എന്നാൽ വിവാദം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന നിർദ്ദേശം നൽകാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗവും ആവശ്യപ്പെടുന്നു.

SCROLL FOR NEXT