എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക. വെള്ളാപ്പള്ളിയുടേത് പച്ച വർഗീയത ആണെന്നും കേരളം ആരുടെയും തറവാട്ട് സ്വത്തല്ലെന്നും ചന്ദ്രിക മുഖപ്രസംഗം. കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷ പ്രദേശമാകുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെയാണ് വിമർശനം.
'എടുക്കാചരക്കുകളുടെ ഗിരിപ്രഭാഷണം' എന്ന തലക്കെട്ടിലാണ് ചന്ദ്രികയുടെ മുഖപ്രസംഗം. 'ശ്രീനാരായണ ഗുരുവിന്റെ പേരിൽ മദ്യക്കച്ചവടവും മൈക്രോഫിനാൻസ് എന്ന ഓമനപ്പേരുള്ള ബ്ലേഡ് ബാങ്കുമൊക്കെ നടത്തുന്ന കേരള തൊഗാഡിയയാവാൻ ഓവർ ടൈം പണിയെടുക്കുന്ന മഹാനുഭാവൻ', എന്നാണ് എഡിറ്റോറിയലില്‍ വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
പിണറായി വിജയന്‍ സർക്കാർ പ്രതിസന്ധിയിലാകുമ്പോഴാണ് വെള്ളാപ്പള്ളി രംഗത്തിറങ്ങുന്നതെന്നും വർഗീയ പരാമർശങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെന്നും എഡിറ്റോറിയല്‍ ആരോപിക്കുന്നു. വർഗീയത പറയാൻ പിസി ജോർജും വെള്ളാപ്പള്ളിയും തമ്മിലാണ് മത്സരം. 'പൂഞ്ഞാറിലെ വാ പോയ കോടാലി' എന്നാണ് പി.സി. ജോർജിനെപ്പറ്റിയുള്ള പരാമർശം.
മുസ്ലീമുകൾ, ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ എന്ന വ്യത്യാസത്തിലല്ല കേരളത്തില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ ബോധ്യത്തിന്റേയും ജനാധിപത്യ വ്യവസ്ഥിതിയിൽ വോട്ടെടുപ്പിലൂടെയുമാണ്. കേരളത്തിൽ മുസ്ലീം മുഖ്യമന്ത്രിയായിരുന്നയാളാണ് സി.എ ച്ച്. മുഹമ്മദ് കോയയെന്ന് താങ്കൾക്ക് അറിയുമോ? മുസ്ലീമുകൾ മുഖ്യമന്ത്രിയാവാൻ പാടില്ലെന്ന് ഏത് പുസ്തകത്തിലാണ് പറയുന്നതെന്നും ചന്ദ്രിക എഡിറ്റോറിയലില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറിയോട് ചോദിക്കുന്നു.
കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം. മുസ്ലീം ജനസംഖ്യ കേരളത്തിൽ വർധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരമർശം. മുസ്ലീം ലീഗ് ലക്ഷ്യംവയ്ക്കുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് കേരള സർക്കാരിനെന്നും വെള്ളാപ്പള്ളി വിമർശിച്ചു. സൂംബാ വിവാദവും സ്കൂൾ സമയം മാറ്റവും ഇതിൻ്റെ ഭാഗമാണെന്നാണ് വെള്ളാപ്പള്ളി പ്രസംഗിച്ചത്.