കൊച്ചി: വഖഫ് നിയമഭേദഗതിയിലെ വിവാദ വകുപ്പുകൾ സ്റ്റേ ചെയ്തുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശ്വാസകരമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലീം ലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളിൽ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യമായി. വഖഫ് സ്വത്തുക്കളുടെ റവന്യൂ രേഖകളിൽ അവകാശങ്ങൾ നിർണയിക്കാൻ കളക്ടറെ അനുവദിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തതും വലിയൊരു നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡുകളിലെ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സുപ്രിംകോടതി നിർദേശിക്കുന്നുണ്ട്. നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
വഖഫിലെ സുപ്രീം കോടതി വിധി ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച വലിയ പ്രതീക്ഷയാണെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ നിന്നാണ് വിധി ഉണ്ടായത്. വഖഫ് ഭൂമിയിൽ മേലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചതാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല ഏകാധിപത്യ വശങ്ങളും വിധിയോടുകൂടി ഇല്ലാതായിരിക്കുകയാണ്. മൗലിക അവകാശം ഉയർത്തിപ്പിടിക്കുന്ന വിധിയാണ് പുറത്തുവന്നത്. പാർലമെന്റിൽ കേവല ഭൂരിപക്ഷം ഉണ്ടെന്ന് കരുതി അടിസ്ഥാന സ്വഭാവങ്ങൾക്ക് മാറ്റം വരുത്താൻ കഴിയില്ല. അന്തിമ വിധിയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയാകും. ആശങ്ക ഒഴിഞ്ഞുമാറിയിരിക്കുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാർഹമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീറും പ്രതികരിച്ചു. കോടികളുടെ സമ്പത്തുകൾ കൈലൊതുക്കാനുള്ള ഗവൺമെൻ്റ് നീക്കമാണ് വിധിയിലൂടെ ഇല്ലാതായത്. വഖഫിലെ ഏറ്റവും വലിയ കൈയ്യേറ്റക്കാർ സർക്കാരാണ്. പാർലമെൻ്റ് പാസാക്കിയ നിയമത്തിൽ കോടതി ഇത്രയേറെ ഇടപെട്ട മറ്റൊരു സംഭവമുണ്ടായിട്ടില്ല. കോടതിയുടേത് നീതിപൂർണമായ തീരുമാനമാണ്. കുറുക്കുവഴിയിലൂടെ വഖഫ് സ്വത്ത് സ്വന്തമാക്കാനുള്ള ബിജെപി നീക്കമാണ് ഇല്ലാതായതെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
വഖഫിലെ സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വിധി ജുഡീഷ്യറിയിലെ വിശ്വാസം വർധിപ്പിച്ചു. കൂടുതൽ കാര്യങ്ങൾ മനസിലാക്കിയതിനു ശേഷം പ്രതികരിക്കാം എന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സുപ്രീം കോടതിയുടെ ഇടക്കാല വിധി പ്രതീക്ഷ നൽകുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് പി. മുജീബ് റഹ്മാൻ. അന്തിമ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ട്. വിവാദ വകുപ്പുകൾ സുപ്രീം കോടതി റദ്ദ് ചെയ്തതും ആശ്വാസകരം. പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചാണ് വഖഫ് നിയമ ഭേദഗതി പ്രശ്നം ഉയർത്തി കൊണ്ടുവന്നത്. ഇതര മതസ്ഥരുടെ ബോർഡിലെ പ്രാതിനിധ്യം അംഗീകരിക്കില്ല. അന്തിമ വിധിയിൽ ഇക്കാര്യം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അന്തിമവിധി അനുകൂലമാകുന്നതുവരെ പോരാട്ടം തുടരുമെന്നും പി. മുജീബ് റഹ്മാൻ പറഞ്ഞു.