പേരൂർക്കട വ്യാജ മാല മോഷണ പരാതി: "ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം"; മനുഷ്യാവകാശ കമ്മീഷന് അപേക്ഷ നല്‍കി ബിന്ദു

സർക്കാർ ജോലി നൽകണമെന്നും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയില്‍ ബിന്ദു ആവശ്യപ്പെട്ടു
ബിന്ദു
ബിന്ദു
Published on

തിരുവനന്തപുരം: പേരൂർക്കട വ്യാജ മാല മോഷണ പരാതിയില്‍ ഇരയാക്കപ്പെട്ട തനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങില്‍ ആവശ്യപ്പെട്ട് ബിന്ദു. സർക്കാർ ജോലി നൽകണമെന്നും ബിന്ദു ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ ന്യൂസ് മലയാളത്തിന് ലഭിച്ചു.

തിങ്കളാഴ്ച കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എന്നിവരെ ഒഫീഷ്യൽ റെസ്പോണ്ടന്റുമാരായും ആരോപണ വിധേയനായ എസ്ഐ പ്രദീപിനെയും എഎസ്ഐ പ്രസന്നകുമാറിനെയും കണ്ടസ്റ്റിംഗ് റെസ്പോണ്ടന്റുമാരായും കമ്മീഷൻ തീരുമാനിച്ചു. ഇവർ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

പേരൂർക്കട പൊലീസ് കെട്ടിച്ചമച്ച മാല മോഷണ കേസില്‍ താനും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിനും, തന്റെയും ഭർത്താവിന്റെയും ഉപജീവന മാർഗം നഷ്ടപ്പെട്ടതിലും, മകളുടെ വിദ്യാഭ്യാസം തടസപ്പെട്ടതിലും, സ്റ്റേഷന്‍ സെല്ലില്‍ 20 മണിക്കൂറോളം നിർത്തി മാനസികമായി പീഡിപ്പിച്ചതിലും, കുറ്റവാളിയാക്കി ചിത്രീകരിച്ചതിലുമാണ് ബിന്ദു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തില്‍ തനിക്കും കുടുംബത്തിനും മാനനഷ്ടമുണ്ടായിയെന്നും ബിന്ദു മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

ബിന്ദു
പേരൂര്‍ക്കട വ്യാജ മാല മോഷണ കേസ്; ബിന്ദു നിരപരാധിയെന്ന് ക്രൈം ബ്രാഞ്ച്; അന്യായമായി കസ്റ്റഡിയിലെടുത്തത് മറയ്ക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന് റിപ്പോർട്ട്

അതേസമയം, എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളില്‍ ബിന്ദുവിന് ജോലി ലഭിച്ചു.

വ്യാജ മാല മോഷണ കേസില്‍ ബിന്ദു നിരപരാധിയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ് ബിന്ദു നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. മാല മോഷ്ടിച്ചതല്ലെന്നും വീട്ടുടമ ഓമന ഡാനിയലിന്റെ വീട്ടില്‍ നിന്നു തന്നെ മാല കിട്ടിയെന്നുമാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞത്.

പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലുണ്ടായിരുന്നത്. പേരൂർക്കടയിലെ ഓമന ഡാനിയലിന്റെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കി പൊലീസ് ചിത്രീകരിക്കുകയായിരുന്നു എന്നുമായിരുന്നു ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്. ഓർമ പ്രശ്നമുള്ള ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നു. ഇത് ഇവർ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. ചവറുകൂനയില്‍ നിന്നാണ് മാല കണ്ടെത്തിയത് എന്നത് ബിന്ദുവിനെ അന്യായമായി കസ്റ്റഡിയില്‍ വച്ചത് മറയ്ക്കാന്‍ പൊലീസ് മെനഞ്ഞ കഥയാണെന്നായിരുന്നു കണ്ടെത്തല്‍.

ബിന്ദു
അച്ഛൻ ലോൺ എടുത്തത് പാർട്ടിക്കു വേണ്ടി, തനിക്കെതിരെ വ്യക്തിപരമായി സൈബർ ആക്രമണം നടത്തുന്നു: പത്മജ

2025 ഏപ്രിൽ 23നായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടുജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് ബിന്ദുവിന് പേരൂർക്കട സ്റ്റേഷനിൽ നിന്നും ഒരു ഫോൺകോൾ വന്നത്. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു കോൾ. മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ച് ചീത്ത വിളിക്കുകയായിരുന്നു. പിന്നാലെ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭക്ഷണമോ വെള്ളമോ നൽകാതെ പൊലീസ് 20 മണിക്കൂറോളം ബിന്ദുവിനെ കസ്റ്റഡിയിൽ വച്ചു. കുടുംബത്തെ വിവരം അറിയിക്കാൻ പോലും ബിന്ദുവിനെ പൊലീസ് അനുവദിച്ചില്ല. പിന്നീട് മാല കിട്ടിയെന്ന വിവരം പോലും ബിന്ദുവിനെ അറിയിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. തുടർന്ന് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ എസ്‌സി എസ്ടി കമ്മീഷന്‍ ഓമന ഡാനിയലിന് എതിരെ കേസും എടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com