KERALA

മുട്ടിൽ മരം മുറി കേസ്: അപ്പീൽ തള്ളി റവന്യു വകുപ്പ്, ആശങ്കയോടെ കർഷകർ

കർഷകരോട് ഒരുവിധത്തിലുള്ള ദ്രോഹ നടപടികളും ഉണ്ടാവില്ലെന്ന് മന്ത്രി കെ. രാജൻ.

Author : ന്യൂസ് ഡെസ്ക്

വയനാട്: മുട്ടിൽ മരം മുറി കേസിൽ മരംവിറ്റ ആദിവാസികള്‍ അടക്കമുള്ള കർഷകരുടെ അപ്പീൽ തള്ളി റവന്യു വകുപ്പ്. അപാകത ആരോപിച്ചു അപ്പീൽ തള്ളിയതോടെ ആശങ്കയിൽ ആയിരിക്കുകയാണ് കർഷകർ. കർഷകരെ സംരക്ഷിക്കുമെന്ന് സർക്കാർ ഉറപ്പ് പാഴായി എന്ന വിമർശനം ഉയരുന്നതോടെ കർഷകരോട് ഒരുവിധത്തിലുള്ള ദ്രോഹ നടപടികളും ഉണ്ടാവില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു. മന്ത്രിയുടെ വാക്കുകൾ ഓർഡറായി നൽകണമെന്ന ആവശ്യവും കർഷകർ ഉന്നയിച്ചു.

29 കർഷകർക്കാണ് റവന്യു വകുപ്പ് കെഎല്‍സി പ്രകാരം നോട്ടീസ് നല്‍കിയിരുന്നത്. സർക്കാരിൻ്റെ ഉത്തരവ് ഉണ്ടെന്നും മരങ്ങള്‍ മുറിക്കുന്നതിന് നിയമപ്രശ്നമില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളില്‍ നിന്ന് മരം വാങ്ങിയതെന്നാണ് കർഷകരുടെ വാദം. എന്നാല്‍ ഈ അപാകത ഉണ്ടെന്ന് ഉന്നയിച്ച് ആണ് അധികൃതർ അപ്പീല്‍ തള്ളിയിരിക്കുന്നത്.

എന്നാൽ അപ്പീലിലുള്ള അപാകത എന്താണ് എന്ന കാര്യത്തിൽ വ്യക്തമായ മറുപടി ഇല്ലെന്നും എന്താണ് അപാകതയെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കർഷകർ പറയുന്നു. അപാകത പരിഹരിച്ച് വീണ്ടും അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പതിനൊന്നിനാണ് കർഷകർക്ക് നോട്ടീസ് നൽകിയത്. അപ്പീൽ തള്ളിയതോടെ കർഷകരുടെ ആശങ്കയ്ക്ക് ആക്കം കൂടിയിരിക്കുകയാണ്. കേസിലെ പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരായ റോജി, ആന്‍റോ, ജോസുകുട്ടി എന്നിവർ നിലവിൽ ജാമ്യത്തിലാണ്.

SCROLL FOR NEXT