എറണാകുളം: പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പൊലീസിന്റെ കടന്നാക്രമണം ഉണ്ടായി. യുഡിഎഫ് അധികാരത്തിൽവന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് പാവങ്ങൾക്കുനേരെ കടന്നാക്രമണമുണ്ടായത്. ഇതിന് മുൻപ് കേരളത്തിൽ പട്ടികവർഗ വിഭാഗങ്ങൾക്കുനേരെ സമാന ആക്രമണമുണ്ടായത് മുത്തങ്ങയിലായിരുന്നു. മുത്തങ്ങ വെടിവെപ്പിന്റെ മിനിപ്പതിപ്പാണ് പാരിയത്തുകാവിലും യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് പാവപ്പെട്ട ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നാലരലക്ഷത്തോളം പട്ടയങ്ങളാണ് അനുവദിച്ചത്. താമസിക്കാൻ വീടില്ലാത്ത അഞ്ച് ലക്ഷത്തിലേറെപ്പേർക്ക് വീടും നൽകി. പാരിയത്തുകാവിൽനിന്ന് ഒരാളെപ്പോലും കുടിയിറക്കാൻ സിപിഐഎം അനുവദിക്കില്ല. മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പൊലീസ് അതിക്രമത്തിനെതിരെ പാരിയത്തുകാവിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് തലമുറകളായി താമസിക്കുന്നവരാണ് പാരിയത്തുകാവിലെ ജനങ്ങൾ. ഇവരെ ഒഴിപ്പിക്കാൻ മുൻപും കോടതിയും ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്. പൊലീസ് എന്നതിനെ ജനങ്ങൾക്കെതിരായ കടന്നാക്രമണത്തിന് ഉപയോഗിക്കുന്ന ഉപകരണമല്ല എന്നതാണ് 1957ലെ ഇഎംഎസ് സർക്കാരിന്റെ കാലം മുതലുള്ള ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച നിലപാട്. കഴിഞ്ഞ 14 പ്രാവശ്യവും വന്നപ്പോഴും പൊലീസ് അതിക്രമമുണ്ടായില്ല. സിപിഐഎമ്മിന്റെയും എംഎൽഎ ആയിരുന്ന പി.വി. ശ്രീനിജന്റെയുമൊക്കെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനിൽപ്പിനെ തുടർന്നാണ് കുടിയൊഴിപ്പിക്കൽ തടഞ്ഞത്. അന്ന് അധികാരത്തിൽ ഇരുന്നത് എൽഡിഎഫ് സർക്കാരായതുകൊണ്ട് പാരിയത്തുകാവിലെ ജനങ്ങൾക്കുമേൽ കുതിരകയറിയിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.