ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് സിപിഐഎം. പുറത്തുപറയാനാകാത്ത ഏത് നിക്ഷേപകനെയാണ് മുഖ്യമന്ത്രി കണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഓഖി ദുരന്തം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘത്തെ കാണാൻ ആണ് ഹെലികോപ്റ്ററിൽ പോയത്. ഒരു കളവെങ്കിലും പറയാതെ സമാധാനം കിട്ടാത്ത ആളാണ് വി ഡി സതീശൻ എന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.
മിന്നൽ പ്രളയത്തിന്റെ സമയത്ത് സ്വകാര്യ ആവശ്യത്തിന് മുഖ്യമന്ത്രി സർക്കാർ ഹെലികോപ്റ്ററിൽ യാത്ര ചെയ്തന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ ഔദ്യോഗിക യാത്രയാണ് നടത്തിയതെന്നും നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് പോയതെന്നും ആണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എങ്കിൽ ആ നിക്ഷേപകൻ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഭാര്യ പിതാവിനെ കാണാൻ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തത് എന്ന് റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയാണ്. ഒരുവട്ടം പോയി ഇറങ്ങാൻ കഴിയാത്തതുകൊണ്ട് പിന്നെയും പോയി. പേര് പറയാനാകാത്ത ഒരു നിക്ഷേപകനെ കാണാൻ പോയി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, ഏതാണ് ആ നിക്ഷേപകൻ? ഒരു കളവുപോലും പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രിയെന്ന് ഗോവിന്ദന്‍ പരിഹസിച്ചു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചെന്നാണ് ഇന്നലെ വി.ഡി സതീശൻ ആരോപിച്ചത്. യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചെന്നും ആരോപിച്ചിരുന്നു. ഇതും സിപിഐഎം സംസ്ഥാന സെക്രട്ടറി തള്ളി. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ കേന്ദ്രം എത്തിയിരുന്നു. അപ്പോൾ അവരുമായി ചർച്ച നടത്താൻ തൃശൂരിൽ നിന്ന് ഹെലികോപ്റ്ററിൽ വരികയാണ് ഉണ്ടായത്. പാർട്ടി സമ്മേളനത്തിലേക്ക് ഹെലികോപ്റ്ററിൽ വരികയല്ല ചെയ്തത് -ഗോവിന്ദന്‍ വ്യക്തമാക്കി.
കൂടുതൽ പറയിപ്പിക്കരുത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി എന്തിനാണ് പറയാതിരിക്കുന്നത്, അദ്ദേഹം നന്നായി പറയുകയാണ് വേണ്ടതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. നിക്ഷേപം നഷ്‌ടമാകുമെന്ന ന്യായം പറഞ്ഞ് കൂടിക്കാഴ്ച നടത്തിയ കമ്പനിയുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ സർക്കാർ ഹെലികോപ്റ്ററിലെ സ്വകാര്യ സന്ദർശനം മറച്ചുവെക്കാൻ മുഖ്യമന്ത്രി കളവ് പറയുകയാണെന്നാണ് സിപിഐഎം ആരോപണം.